gnn24x7

    “ആടുജീവിതം സിനിമ കണ്ടു…. അപ്പോള്‍ ഞാന്‍ ഓര്‍ത്തത്  ലാലിചേച്ചിയെ ആയിരുന്നു…. പിന്നെ 32 വര്‍ഷം മുമ്പ് അവർ അനുഭവിച്ച ആ അമേരിക്കന്‍ നായ ജീവിതവും” – സണ്ണി മാളിയേക്കൽ

    0
    66
    gnn24x7

    40 കൊല്ലം മുമ്പ് ഞാന്‍ അമേരിക്കയില്‍ വന്ന സമയം… കഷ്ടപ്പാടിന്റെ കാലം…. കാറിൽ മദാമ്മയുടെ മടിയില്‍ ഇരുന്ന് സുഖയാത്ര ചെയ്യുന്ന നായകളെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്….. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അമേരിക്കയില്‍ ഒരു നായ ആയി  ജനിക്കണമെന്ന്  ആഗ്രഹിച്ചിട്ടുണ്ട്. നായക്ക് നല്ല സുഖം ആണ്‌… പക്ഷേ ലോക്‌ഡൌൺ! അതാണ്‌ അമേരിക്കന്‍  നായ ജീവിതം…

    ഇനി കഥയിലേക്ക് വരാം…. 92ല്‍ എന്റെ സുഹൃത്ത് അഗസ്റ്റിൻ കുരുവിള  അമേരിക്കയില്‍ എത്തി. എന്റെ വീട്ടിലാണ് താമസം. അവന്‍ എന്റെ കയ്യില്‍ രണ്ട് കവര്‍ തന്നിട്ട് പറഞ്ഞു “എടാ ഇത് നമ്മുടെ  വര്‍ഗീസ് ചേട്ടൻ നിനക്ക് തരാന്‍ പറഞ്ഞു ”  

    ഞാന്‍ കത്ത് വായിച്ച് വിഷമത്തോടെ അഗസ്റ്റിനെ നോക്കി… കഴിഞ്ഞ ഒരു വർഷത്തിലേറെയായി വര്‍ഗീസ് ചേട്ടന്റെ ഭാര്യ ലാലി ചേച്ചി കണക്ടിക്കറ്ലേ ഒരു  വീട്ടില്‍ തടങ്കലില്‍ ആണു പോലും. അന്ന്  മൊബൈല്‍ ഫോണ്‍ അത്ര പോപ്പുലർ ആയിട്ടില്ല. ബോസ്റ്റോൺ നഗരത്തില്‍ ഒരു കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതായിരുന്നു നാട്ടിൽ അദ്ധ്യാപിക ആയ ലാലി ചേച്ചി. ചേച്ചിയുടെ അമേരിക്കന്‍ സ്വപ്നം മനസ്സിലാക്കിയ ഒരു മലയാളി കുടുംബം സൂത്രത്തില്‍ ചേച്ചിയെ പാട്ടിലാക്കി. അവരുടെ വീട്ടില്‍ താമസിക്കാന്‍ സൗകര്യം കൊടുക്കാം. ആറ് മാസത്തിനുള്ളില്‍ അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ സഹായിക്കാം… തുടങ്ങിയ വാഗ്ദാനവും. പകരം അവരുടെ രണ്ടു വയസ്സുള്ള കുട്ടിയെ നോക്കണം. ചേച്ചി സമ്മതിച്ചു.. ഒരു വര്‍ഷം കഴിഞ്ഞു. ശമ്പളം ഇല്ല, ഗ്രീന്‍ കാര്‍ഡ് ഇല്ല… ഭീഷണി തുടങ്ങി…. ഇമിഗ്രേഷൻകാരെ കൊണ്ട് പിടിച്ചു ജയിലില്‍ ഇടും എന്നൊക്കെ. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച സമയം…

      പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ അഞ്ച് പേർ, എന്റെ  അങ്കിൾ തങ്കചായൻ, കസിൻമാരായ ഷാജി, റെജി, പിന്നെ അഗസ്റ്റിനും ഞാനും കണക്ടിക്കറ്റിലേക്ക് പുറപ്പെട്ടു…. ഉച്ചയോടെ ഒരുവിധം ആ വീട് തപ്പിപ്പിടിച്ച് ഞങ്ങൾ കതകിൽ മുട്ടി…. വാതില്‍ തുറന്നു… ഗൃഹനാഥന്‍ ആദ്യം ചേച്ചിയെ കാണാന്‍ സമ്മതിച്ചില്ല… മാത്രമല്ല പോലീസിനെ വിളിക്കും എന്ന് പറഞ്ഞു… ഞാന്‍ തന്നെ പോലിസിനെ വിവരം അറിയിക്കാം അവർ വന്നാല്‍ നിങ്ങള്‍ അകത്തു പോകും എന്ന് പറഞ്ഞു പുറത്തിറങ്ങി… അതു വരെ അകത്തു നിന്ന അയാളുടെ ഭാര്യ പുറത്തേക്ക് വന്നു… ദയവായി പൊലീസിനെ വിളിക്കരുത്… ഞങ്ങൾ എന്തു വേണമെങ്കിലും ചെയ്യാം… ചേച്ചിയെ നിങ്ങള്‍ കൊണ്ട്‌ പൊയ്ക്കോ…. മുഴുവൻ ശമ്പളവും തന്നേക്കാം…. 

    ചേച്ചിയെ ഞങ്ങൾ അപ്പോൾ തന്നെ കൊണ്ട് പോന്നു… പുറപ്പെടും മുമ്പ് ചേച്ചി അവിടുന്ന് ഫോണിൽ നാട്ടിലേക്ക് വിളിച്ചു… നീണ്ട ഇടവേളയ്ക്ക് ശേഷം വര്‍ഗീസ് ചേട്ടനോട് സംസാരിച്ചു… കണ്ടു നില്‍ക്കാന്‍   ബുദ്ധിമുട്ടായിരുന്നു ആ രംഗം…..

    തിരിച്ചു പോരുമ്പോൾ നിരാശയോടെ തങ്കച്ചായനും ഷാജിയും പറഞ്ഞു, “നാട്ടില്‍ ആയിരുന്നെങ്കില്‍ ആ തെണ്ടിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു” 

    ലാലി ചേച്ചി വാശിക്കാരി ആയിരുന്നു…..  തിരിച്ചു പോയില്ല… പഠിക്കാന്‍ ചേര്‍ന്ന്, ആ  കോളേജില്‍ തന്നെ അദ്ധ്യാപിക ആയി… വര്‍ഗീസ് ചേട്ടനെയും മക്കളേയും അമേരിക്കയിൽ കൊണ്ടുവന്നു…..

    ആടുജീവിതം കണ്ടപ്പോൾ ലാലി ചേച്ചിയുടെ ആ പഴയ “അർബാബ്”നെ ഞാൻ ഓർത്തു….. എവിടെയാണാവോ!! …..

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7