ബർലിൻ: ചൈനീസ് നഗരമായ വുഹാനിൽ നിന്ന് പടർന്ന നിഗൂഡമായ കൊറോണ വൈറസ് ജർമനിയിലും എത്തിയതായി സർക്കാർ സ്ഥിരീകരണം. ജർമനിയിലെ തെക്കൻ സംസ്ഥാനമായ ബയേണിലെ സ്റ്റാൺബർഗിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരൻ യുവാവിലാണ് രോഗ ലക്ഷണം കണ്ടത്.
വെബാസ്റ്റോ എന്ന കമ്പനിയിലെ ജീവനക്കാരനായ ഈ യുവാവിന് ചൈനയിൽ നിന്ന് എത്തിയ ഒരാളിൽ നിന്നാണ് രോഗം പകർന്നതെന്ന് സംശയിക്കുന്നു.
യുവാവിനെ മ്യൂണിക്കിലെ പ്രത്യേക ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയായ യുവാവ് ഇന്നലെ ഫാക്ടറിയിലെത്തി ജോലി ചെയ്തിരുന്നു. രോഗം മറ്റുള്ളവരിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ജർമൻ ആരോഗ്യ വകുപ്പ് നടത്തിയ വാർത്ത സമ്മേളനത്തിൽ സൂചിപ്പിച്ചു.