gnn24x7

എബിജി ഷിപ്‌യാഡ് ലിമിറ്റഡ് 22,842 കോടി തട്ടിയെടുത്തത് 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ

0
343
gnn24x7

ന്യൂഡൽഹി: ഏകദേശം 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാങ്ക് വായ്പയായി എടുത്ത 22,842 കോടി രൂപ ഗുജറാത്ത് കേന്ദ്രമായ എബിജി ഷിപ്‌യാഡ് ലിമിറ്റഡ് തട്ടിയെടുത്തതെന്നു നിലവിൽ ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നു. വായ്പ നൽകിയ ബാങ്ക് കൺസോർഷ്യത്തിനു വേണ്ടി ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) നടത്തിയ ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിലാണു ഇതു കണ്ടെത്തിയത്.

1985ൽ ആരംഭിച്ച എബിജി ഷിപ്‌യാഡിന് ഐസിഐസിഐ ബാങ്ക് നേതൃത്വം നൽകുന്ന 28 ബാങ്കുകളുടെ കൺസോർഷ്യമാണു വായ്പ നൽകിയിരുന്നത്. 2013ൽ ഇതു കിട്ടാക്കടമായി. 2014ൽ വായ്പ തിരിച്ചടവ് പുനഃക്രമീകരിച്ച് 2 വർഷത്തേക്കു കൂടി സമയം നൽകിയെങ്കിലും ഫലമുണ്ടായില്ല. 2018ൽ ഇവൈയെ ഫൊറൻസിക് ഓഡിറ്ററായി നിയമിച്ചു. പണം വകമാറ്റി സ്വന്തമാക്കാനായി അക്കൗണ്ടുകളിൽ വ്യാപക തിരിമറി നടത്തിയെന്നു ഇവൈ കണ്ടെത്തി.

കൺസോർഷ്യത്തിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ 2019 ൽ സിബിഐക്ക് ആദ്യ പരാതി നൽകി. 2020ൽ രണ്ടാമത്തേതും. ഒന്നരവർഷത്തിനു ശേഷം ഇക്കഴിഞ്ഞ 7 നു സിബിഐ കേസെടുത്തു.

എബിജി ഷിപ്‌യാഡ് വായ്പത്തട്ടിപ്പ് കേസ് സിബിഐക്കു പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിച്ചേക്കും. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഈ ആഴ്ച തന്നെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റജിസ്റ്റർ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here