gnn24x7

സൈനിക റിക്രൂട്ട്‍മെന്‍റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി

0
189
gnn24x7

ന്യൂഡൽഹി: രാജ്യത്തെ സൈനിക റിക്രൂട്ട്‍മെന്‍റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി അഡ്‍മിറല്‍ ആര്‍ ഹരികുമാര്‍. അഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യും. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവന്നത്. സേനയില്‍ വരുന്നവരുടെ സമ്പൂര്‍ണ്ണ വികസനം സാധ്യമാകുമെന്നും നാവികേസന മേധാവി പറഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോഴും  അഗ്നിപഥ് പദ്ധതിയില്‍ നിന്ന്  കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.  രണ്ട് ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്‍റിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് കരസേന മേധാവി അറിയിച്ചു. പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന വാദമുയര്‍ത്തി അഗ്നിപഥിനെതിരായ രോഷം ശമിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കൊണ്ടു വന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച അമിത് ഷാ രാജ്യസേവനത്തിനൊപ്പം യുവാക്കള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് ട്വിറ്ററില്‍ കുറിച്ചു. പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനമാണെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി രാജ്‍നാഥ് സിംഗും പറഞ്ഞു. പദ്ധതിയെ കേന്ദ്രം ന്യായീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തിരിഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുന്ന കേന്ദ്രം ഉദ്യോഗാര്‍ത്ഥികളല്ല പ്രതിപക്ഷ കക്ഷികളാണ് കലാപത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here