ന്യൂഡൽഹി: ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാൻ ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാൻ കേന്ദ്ര സർക്കാർ നടപടികൾ പുരോഗമിക്കുന്നു. 1969 ലെ ജനന–മരണ റജിസ്ട്രേഷൻ നിയമം ഇതിനായി ഭേദഗതി ചെയ്യുകയാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിശ്ചിത ആവശ്യത്തിനു മാത്രം ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സ്വകാര്യതാലംഘനമാണെന്നും ഈ നടപടിയ്‌ക്കെതിരെ വിമർശനമുയരുന്നുണ്ട്.
നിലവിൽ സംസ്ഥാനങ്ങളാണ് ജനന–മരണ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഭേദഗതി നടപ്പായാൽ എല്ലാ സംസ്ഥാനങ്ങളിലെയും ജനന– മരണ വിവരങ്ങൾ കേന്ദ്രീകൃത ഡേറ്റാബേസിലേക്കു കൈമാറണം. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരടുഭേദഗതിയിൽ പൊതുജനങ്ങൾക്ക് ഇന്നുകൂടി അഭിപ്രായം അറിയിക്കാം.

































