gnn24x7

മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിലേക്ക് ഇഡ‍ി അന്വേഷണമെത്താൻ കാരണം കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
114
gnn24x7

ഡൽഹി: മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിലേക്ക് ഇഡ‍ി അന്വേഷണമെത്താൻ കാരണം കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ റാലി ബിജെപിക്ക് താക്കീതായി മാറിയെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിനും ഈ റാലി പാഠമാണെന്നും പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന് നേരെയും നടപടി ഉണ്ടായി. എന്നാൽ മറ്റ് പാര്‍ട്ടികളുടെ നേതാക്കൾക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചപ്പോൾ അന്വേഷണ ഏജൻസികൾക്കൊപ്പം നിൽക്കുകയായിരുന്നു കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ഏജൻസികൾ എടുത്ത നടപടി പോരെന്നും കൂടുതൽ നടപടി വേണം എന്നുമാണ് കോൺഗ്രസ്‌ നിലപാട് എടുത്തത്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് അരവിന്ദ് കെജ്രിവാൾ. അദ്ദേഹത്തിലേക്ക് മദ്യ നയ കേസ് അന്വേഷണമെത്താൻ കാരണം കോൺഗ്രസിന്റെ നിലപാടാണ്. കേസിൽ ആദ്യം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രൽ ബോണ്ട്‌ എന്ന പേരിൽ വൻ അഴിമതിക്കാണ് ബിജെപി തുടക്കം കുറിച്ചത്. അവരെ മാത്രമായി ഇക്കാര്യത്തിൽ കുറ്റം പറയാനാവില്ല. ഇലക്‌ടറൽ ബോണ്ടിൽ കോൺഗ്രസുമുണ്ട്. എന്നാൽ ഇതിനെതിരെ കൃത്യമായ നിലപാടെടുത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടികൾ മാത്രമാണ്. ഇത്തരത്തിൽ ഫണ്ട് സ്വീകരിക്കാനാവില്ലെന്ന് കോൺഗ്രസിന് ഇപ്പോഴെങ്കിലും പറയാനാവുമോ? സാന്റിയാഗോ മാർട്ടിനെ കേരളത്തിൽ എല്ലാവർക്കും അറിയാമല്ലോ. കോൺഗ്രസിന് 50 കോടി രൂപ സാന്രിയാഗോ മാര്‍ട്ടിനും നൽകിയിട്ടുണ്ട്. എന്നാൽ വിഡി സതീശൻ പറഞ്ഞത് സാന്റിയാഗോ മാർട്ടിനെ വ്യക്തിപരമായി ആക്ഷേപിച്ചില്ലെന്നാണ്. ആക്ഷേപിച്ചോ ഇല്ലയോ എന്നതല്ല പ്രശ്നം പണം സ്വീകരിച്ചതാണ്. കോൺഗ്രസിന്റെ നിലപാടാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7