ബ്രസൽസ് : യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയ്നിന്റെയും മോൾഡോവയുടെയും ശ്രമത്തെ സ്വാഗതം ചെയ്യുന്നതായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വാൻഡെർ ലെയ്ൻ പ്രഖ്യാപിച്ചു. അടുത്തയാഴ്ച ചേരുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇക്കാര്യം ചർച്ചചെയ്യും.
യൂറോപ്യൻ സ്വപ്നംയാഥാർഥ്യമാക്കാനുള്ള യുക്രെയ്ൻ ജനതയുടെ താൽപര്യം മേഖലയെക്കുറിച്ചുള്ള വീക്ഷണം മാറ്റിക്കുറിക്കുന്നതാണെന്നും യുക്രെയ്ൻ പതാകയുടെ നിറത്തിലുള്ള ബ്ലെയ്സർ ധരിച്ചെത്തിയ അവർ പറഞ്ഞു. യൂറോപ്പിന്റെ രാഷ്ട്രീയ ഭൂപടവും മാറ്റേണ്ടിവരും. യുക്രെയ്ൻ അധിനിവേശം കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലക്ഷ്യമിട്ടതിനു വിപരീതമായ നീക്കമാണിത്.
യുക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിൽ എതിർപ്പില്ലെന്ന് പുട്ടിൻ പ്രതികരിച്ചു. യുക്രെയ്നിലെ സൈനിക നടപടി പൂർത്തിയായാൽ ഉടൻ എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യൻ സേന അതിർത്തിയിലെത്തിയതിന്റെ നാലാം ദിവസമാണ് യുക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ നൽകിയത്. മോൾഡോവയും ജോർജിയയും തുടർന്ന് അപേക്ഷ നൽകി. യൂറോപ്യൻ യൂണിയനിൽ ഇപ്പോൾ അംഗമായിട്ടുള്ള രാജ്യങ്ങളിൽ ഏറ്റവും ദരിദ്രം ബൾഗേറിയയാണ്. ഈ 3 രാജ്യങ്ങളിൽ സ്ഥിതി അതിലും മോശമാണ്. അംഗത്വം ലഭിച്ചാൽ വിസ്തൃതിയിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യമാകും യുക്രെയ്ൻ. ജനസംഖ്യയിൽ മൂന്നാമത്തേതും.