ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ വെള്ളിയാഴ്ച വ്യക്തമാക്കി. സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളിൽ അല്‍ക്കഹോള്‍ അടങ്ങാത്ത ബിയർ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.
“ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക. ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയത്തിന്റെ പരിധിയിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്. ഫിഫ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
എബി ഇൻബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്പോൺസറായ ബഡ്‌വെയ്‌സർ, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂർ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആൽക്കഹോൾ ബിയർ വിൽക്കും. ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ബഡ്‌വെയ്‌സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയം എന്നാണ് വിവരം.
“സംസ്കാരത്തിൽ മദ്യം അത്ര വലിയ പങ്ക് വഹിക്കാത്ത മിഡിൽ ഈസ്റ്റിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നും ധാരാളം ആരാധകർ പങ്കെടുക്കുന്നുണ്ട്, പല ആരാധകർക്കും, മദ്യത്തിന്റെ സാന്നിധ്യം ആസ്വാദ്യകരമായ അനുഭവം സൃഷ്ടിക്കില്ല എന്ന ചിന്ത ശക്തമാണ്” – ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.







































