തിരുവനന്തപുരം∙ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കൊല്ലം ജില്ലയിൽനിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ വച്ച് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സുദേവിനൊപ്പമാണ് രതികുമാർ എത്തിയത്.
കെപിസിസിയുടെ അവസ്ഥ ഉപ്പു ചാക്ക് വെള്ളത്തില്‍ വച്ചതുപോലെയെന്ന് കോടിയേരി പരിഹസിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരടക്കം മൂന്ന് പ്രധാന നേതാക്കള്‍ രാജിവയ്ക്കുന്നത് ഇതാദ്യമാണ്. കോണ്‍ഗ്രസ് വിട്ടവര്‍ സിപിഎമ്മിലേക്ക് വരുന്നത് പാര്‍ട്ടിയുടെ പൊതുസ്വീകാര്യതയ്ക്കു തെളിവെന്നും കോടിയേരി പറഞ്ഞു.





































