കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ തന്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ. മട്ടന്നൂരിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വ്യാജ പ്രചാരണങ്ങൾ വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന് കെ.കെ.ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കെ.കെ.ശൈലജയുടെ ഭർത്താവ് കെ.ഭാസ്കരൻ ജയിച്ച വാർഡിൽ ഇക്കുറി സിപിഎം തോറ്റെന്ന് പ്രചാരണങ്ങൾക്കാണ് മുൻ ആരോഗ്യ മന്ത്രി മറുപടിയുമായി എത്തിയത്. കെ.ഭാസ്കരൻ മാസ്റ്റർ വിജയിച്ച് നഗരസഭ ചെയർമാനായത് ഇടവേലിക്കൽ വാർഡിൽ നിന്നാണെന്നാണ് ശൈലജ പോസ്റ്റിൽ പറയുന്നത്. എന്നാൽ എൽഎസ്‍ജിഡി വെബ്സൈറ്റ് പ്രകാരം 2010ൽ, കെ.ഭാസ്കരൻ ജയിച്ച് ചെയർമാനായത് പെരിഞ്ചേരി വാർഡിൽ നിന്നാണ്. പെരിഞ്ചേരി വാർഡിൽ ഇക്കുറി യുഡിഎഫ് ആണ് ജയിച്ചത്. 42 വോട്ടിനാണ് യുഡിഎഫിലെ മിനി രാമകൃഷ്ണൻ ഇത്തവണ പെരിഞ്ചേരിയിൽ വിജയിച്ചത്.
 
                






