തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന് 103 രൂപ 94 പൈസയും. കൊച്ചിയിൽ പെട്രോൾ 115 രൂപ 07 പൈസ, ഡീസൽ 101 രൂപ 95 പൈസ. കോഴിക്കോട് പെട്രോൾ 115 രൂപ 36 പൈസ, ഡീസൽ 102 രൂപ 26 പൈസ. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.
ലോക്സഭയിലും രാജ്യസഭയിലും ഇന്നും പാചകവാതക ഇന്ധനവില വർദ്ധനയിൽ പ്രതിഷേധമുയരും. കോൺഗ്രസ് ,ടി എം സി , സിപിഎം, ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളാണ് പ്രതിഷേധത്തിന് മുൻ നിരയിൽ ഉള്ളത്. ധന ബില്ലിന്റെ സമയത്ത് വിഷയം ഉയർത്തിയതിനാൽ ഇനിയും ചർച്ച അനുവദിക്കില്ലെന്ന നിലപാടിലാണ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു. ഇന്നലെ ലോക്സഭയിൽ രണ്ടുതവണ സഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം യുക്രൈൻ ചർച്ചയിൽ ആണ് സഹകരിക്കാൻ തയ്യാറായത്.




































