gnn24x7

ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു, വിജയശതമാനം 78.69; സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം

0
154
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം.

മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്.

ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയൻസ് വിഭാഗത്തില്‍ മാത്രമായി 189411 പേര്‍ പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര്‍ പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). സംസ്ഥാനത്ത് 63 സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇത്തവണ എല്ലാ വിഷയങ്ങളിലും 39,242 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5427പേരുടെ വര്‍ധനവാണുണ്ടായത്.

അതേസമയം, സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം നടത്തുമെന്നും രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂള്‍ ജീവിതത്തിന്‍റെ അവസാനവുമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7