gnn24x7

ശവകുടീരത്തെ എങ്ങനെയാണ് മഹല്‍ എന്ന് വിളിക്കുന്നത്?; താജ്മഹലിന്റെ പേര് മാറ്റണമെന്നു ബിജെപി കൗണ്‍സിലര്‍

0
220
gnn24x7

ആഗ്ര: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യത്തില്‍ ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമേറിയ വാക്കേറ്റമാണ്  മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ നടന്നത്. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. 

താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ ബിജെപിയുടെ ആവശ്യം. ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. താജ്ഗഞ്ച് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ശോഭ.

ശവകുടീരത്തെ എങ്ങനെയാണ് മഹല്‍ എന്ന് വിളിക്കുന്നത്. താജ് മഹല്‍ നില്‍ക്കുന്ന സ്ഥലം രാജാ ജയ് സിങിന്‍റെ ഭരണപ്രദേശമായിരുന്നു. കൂടാതെ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പത്‌നിയുടെ പേര് ചരിത്രത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്, തുടങ്ങിയ വാദങ്ങളാണ് ബിജെപി അംഗം ഉയര്‍ത്തിയത്. 

അര്‍ജുമന്ദ് ബാനോ എന്നാണ് പേരെന്നും മുംതാസ് അല്ലെന്നും ഇവര്‍ വാദിച്ചു. താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു ഹൈന്ദവ ക്ഷേത്രമാണെന്നും മുഗള്‍ അധികാരികള്‍ അതിനെ കയ്യേറുകയായിരുന്നെന്ന് ചരിത്രകാരനായ പി എന്‍ ഓക് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ശോഭാ വാദിച്ചു. ഇതാണ് പിന്നീട് രൂക്ഷമേറിയ വാക്കേറ്റമായത്. 

ആഗ്ര മേയര്‍ നവീന്‍ ജെയിന്‍ ഈ അവശ്യം തള്ളി. ബിഎസ്പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തന്നെ ഹര്‍ജി തള്ളിയിരുന്നു എന്നായിരുന്നു ഇവര്‍ ഉയര്‍ത്തിയ വാദം. 

എന്നാൽ ബഹളവും കോര്‍പ്പറേഷന്‍ അംഗങ്ങള്‍  മുദ്രാവാക്യം വിളികളും നിറഞ്ഞതോടെ  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗം മേയർ നവീൻ ജെയിൻ സഭ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. അതേ സമയം  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗ ഹാളിന് പുറത്ത് വിഷയം ഉന്നയിച്ച് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകൾ മുദ്രാവാക്യം വിളിയുമായി തടിച്ചുകൂടി.

അതേ സമയം പേരുമാറ്റം നഗരസഭ പരിഗണിക്കേണ്ടതല്ലെന്നാണ് മുതിർന്ന ബിജെപി അംഗം അനുരാഗ് ചതുർവേദി ഐഎഎൻഎസിനോട് പറഞ്ഞത്. താജ്മഹാല്‍ എഎസ്‌ഐയുടേതാണ്, അതിനാൽ കേന്ദ്ര സർക്കാരിന് മാത്രമേ പേരുമാറ്റത്തില്‍ തീരുമാനമെടുക്കാൻ കഴിയുവെന്നാണ് ഇദ്ദേഹം പറയുന്നത്.
ആഗ്ര മുനിസിപ്പൽ കോർപ്പറേഷന്റെ കാലാവധി നവംബറിൽ അവസാനിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി താജ്മഹല്‍ ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ശ്രമം എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഈ വര്‍ഷം മെയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ താജ് മഹല്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്ന് അവകാശപ്പെടുന്ന ഹര്‍ജി പരിഗണിച്ചിരുന്നു. കോടതിയെ പരിഹസിക്കരുതെന്നായിരുന്നു ഈ ഹര്‍ജി തള്ളി കോടതി മറുപടിയായി പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here