ദുബായ്: എല്ലാ വെല്ലുവിളികളെയും മറികടന്ന് അവർ വിവാഹിതരായത് 1991ലായിരുന്നു. ഇന്ത്യക്കാരിയായ കാതറീനും പാകിസ്ഥാൻകാരനായ തിയോഡോറും അതിനുമുൻപ് അഞ്ചുവർഷം പ്രണയിച്ചുനടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനിടെ പലതവണ വഷളായിട്ടും തങ്ങൾക്കിടയിലെ പ്രണയത്തിന് നാളുകൾകഴിയും മധുരമേറുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്. ഖലീജ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബംഗളൂരു സ്വദേശിനിയാണ് കാതറീൻ. തിയോഡോർ കറാച്ചി സ്വദേശിയും. ഈ നിമിഷം വരെ ഇരുവരും തങ്ങളുടെ പൗരത്വം മാറ്റിയിട്ടില്ല. തങ്ങളുടേതായ സ്വർഗത്തിൽ സന്തോഷകരമായ ജീവിതം നയിച്ച് തങ്ങളുടെ മൂന്നു മക്കൾക്കുമൊപ്പം മുന്നോട്ടുപോകുന്നു. മൂന്നു മക്കൾക്കും പാക് പൗരത്വമാണ്.
സ്കൂൾ പഠനകാലത്ത് കരാമയിലെ ഒരു ബസ് സ്റ്റോപ്പിൽ വെച്ചാണ് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടത്. ഇവിടെ നിന്നായിരുന്നു ഇരുവരും സ്കൂള്‍ ബസിൽ കയറിയിരുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. ആദ്യം ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ടുപേർക്കും ശക്തമായ സമ്മർദമുണ്ടായിരുന്നു. എന്നാൽ ഇരുവരും ഉറച്ചുനിന്നതോടെ തടസ്സങ്ങൾ ഓരോന്നായി വഴിമാറി.
”ഒരുപാട് വേദനകളും കഷ്ടപാടുകളും അനുഭവിക്കേണ്ടിവന്നു. പക്ഷേ എല്ലാം നന്നായി നടക്കാൻ കുറച്ചൊക്കെ കഷ്ടപ്പാടുകൾ സഹിക്കണമല്ലോ. എല്ലാ തടസങ്ങളെയും ഞങ്ങള്‍ സ്നേഹത്താൽ മറികടന്നു. വിവാഹത്തിലൂടെ എല്ലാ വേലിക്കെട്ടുകളെയും തകർത്തെറിഞ്ഞു. ഇരുരാജ്യങ്ങളുടെയും ഐക്യം, സ്നേഹം, സംസ്കാരം എന്നിവയൊക്കെ മക്കളിലും വളർത്താൻ ശ്രമിക്കുന്നു. ഞങ്ങൾ എല്ലാവരും ചേർന്ന് ഇരുരാജ്യങ്ങളും നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്”- കാതറീൻ പറയുന്നു.
”പ്രക്ഷുബ്ധമായ ഭൂതകാലത്തെ മറന്ന് ഇരുരാജ്യങ്ങളും തങ്ങൾക്കിടയിൽ പൊതുവായുള്ള ഭാഷ, ഭക്ഷണം, സംസ്കാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്റെ പൗരത്വം ഉപേക്ഷിക്കാൻ ഭർത്താവ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഞാനും ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു”- കാതറീൻ കൂട്ടിച്ചേർത്തു. കറാച്ചിയിലെ ഭർത്താവിന്റെ നാട്ടിലേക്ക് പോയപ്പോൾ പാകിസ്ഥാൻകാരിയല്ലെന്ന തോന്നൽ തനിക്കുണ്ടായിട്ടില്ല. തിരിച്ച് ബംഗളൂരുവിലേക്ക് വരുമ്പോൾ അദ്ദേഹത്തിനും അങ്ങനെ തോന്നിയിട്ടില്ല.” കാതറിൻ പറയുന്നു.





































