ന്യൂദല്‍ഹി: നാലാംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ദല്‍ഹി ജെ.എന്‍.യു കാമ്പസിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, സുസ്മിത ദേവ്, അമൃത ദവാന്‍, സയ്യിദ് നാസര്‍ ഹുസൈന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ബുധനാഴ്ച്ച ജെ.എന്‍.യു കാമ്പസിലെത്തിയ സംഘം വിദ്യാര്‍ത്ഥികളുമായി കൂടികാഴ്ച്ച നടത്തി.
ഏകദേശം 60 ലധികം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെന്നും അക്രമം നടന്നതിന്റെ നിരവധി തെളിവുകള്‍ അവിടെയുണ്ടെന്നും സുസ്മിത ദേവ് പ്രതികരിച്ചു. അക്രമം നടന്ന സബര്‍മതി ഹോസ്റ്റലും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ടിച്ചേര്‍സ് അസോസിയേഷനുമായും ഇവര്‍ കൂടികാഴ്ച്ച നടത്തി.സന്ദര്‍ശന റിപ്പോര്‍ട്ട് ഞായറാഴ്ച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും. വൈസ് ചാന്‍സലറെ മാറ്റുക, ഫീസ് വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പൗരമാര്‍ച്ച് എന്ന പേരില്‍ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെയും ദല്‍ഹി യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. പൗരമാര്‍ച്ചിന് ജെ.എന്‍.യു അധ്യാപക സംഘടനയും പിന്തുണ നല്‍കിയിട്ടുണ്ട്.
സി.പി.ഐ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടുമായിരുന്ന കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ജെ.എന്‍.യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള രാജ്യത്തെ ഓരോ പൗരന്റെയും സമയമാണ് ഇതെന്ന് കന്നയ്യ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.