gnn24x7

ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍

0
197
gnn24x7

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൊലീസിന് പ്രത്യേക അധികാരം നല്‍കികൊണ്ട് ഗവര്‍ണറുടെ ഉത്തരവ്.

ദേശീയ സുരക്ഷാ നിയമ പ്രകാരം ദേശീയ സുരക്ഷയ്ക്കും  ക്രമസമാധനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടാല്‍ കുറ്റമൊന്നും ചുമത്താതെ വ്യക്തിയെ മാസങ്ങളോളം തടങ്കലില്‍ വെക്കാന്‍ സാധിക്കും.1980 സെപ്തംബര്‍ 23ന് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. ഇതോടെ കുറ്റമൊന്നും ചുമത്താതെ വ്യക്തികള്‍ ക്രമസമാധാനത്തിന് തടസമാണെന്നു കണ്ടാല്‍ അവരെ തടങ്കിലല്‍ വെക്കാനുള്ള അവകാശം ദല്‍ഹി പൊലീസിന് ലഭിക്കും.

ഗവര്‍ണറുടെ ഉത്തരവില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇത്തരം ഉത്തരവുകള്‍ ഓരോ മൂന്ന് മാസം കൂടുമ്പോള്‍ ഉണ്ടാകാറുണ്ടെന്നും ദല്‍ഹി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്താകെ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള അനുമതി കൂടി ദല്‍ഹി പൊലീസിന്റെ കൈവശമെത്തുന്നത് കൂടുതല്‍ ജനാധിപത്യ ധ്വംസനങ്ങള്‍ക്കിടയാക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

2017ല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. 15 മാസമാണ് അദ്ദേഹത്തെ തടവില്‍ വെച്ചത്. മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേമും ഈ നിയമ പ്രകാരം അറസ്റ്റിലായ വ്യക്തിയാണ്. കണക്കുകള്‍ പ്രകാരം 2001 മുതല്‍ 14 ലക്ഷം ആളുകളെ ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഒരു വ്യക്തിയോട് എന്ത് കുറ്റത്തിനാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് പത്ത് ദിവസം വരെ പൊലീസിന് വ്യക്തമാക്കേണ്ട ആവശ്യമില്ല. തടങ്കലില്‍ പാര്‍പ്പിച്ച വ്യക്തിക്ക് ഹൈക്കോടതി ഉപദേശക സമിതിക്കു  മുന്‍പാകെ അപ്പീല്‍ സമര്‍പ്പിക്കാമെങ്കിലും വിചാരണ സമയത്ത് വക്കീലിനെ വെക്കാനുള്ള അനുമതി ഉണ്ടാകില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here