gnn24x7

സ്വന്തം സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയും അമിത് ഷായും അറിയുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്

0
192
gnn24x7

ന്യൂദല്‍ഹി: സ്വന്തം സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അറിയുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്. കൊവിഡ് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതികരണം.

സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇത്രയും രൂക്ഷമായ പ്രതികരണം ഹൈക്കോടതി നടത്തുന്നത് വിരളമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി പറഞ്ഞു.

ബംഗാള്‍ ഗവര്‍ണര്‍ അവിടത്തെ സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ച് കത്തയച്ചതുപോലെ ഗുജറാത്ത് ഗവര്‍ണര്‍ ചെയ്യാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം നാട്ടിലുള്ളവര്‍ക്ക് ആരോഗ്യനീതി നടപ്പാക്കാന്‍ മോദിയ്ക്കും ഷായ്ക്കും കഴിയുന്നില്ലെങ്കില്‍ പിന്നെങ്ങനെ രാജ്യം മുഴുവന്‍ അത് നടപ്പിലാകുമെന്നും സിംഗ്‌വി ചോദിച്ചു.

നേരത്തെ അഹമ്മദാബാദില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സിവില്‍ ആശുപത്രിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണെന്ന് നിരീക്ഷിച്ച കോടതി കാരാഗ്രഹങ്ങള്‍ ആശുപത്രിയേക്കാള്‍ മെച്ചമാണെന്നും സ്ഥിതി ഇപ്പോഴുള്ളതിനേക്കാള്‍ മോശമായേക്കാമെന്നും പറഞ്ഞു.

ആശുപത്രിയുടെ ശോചനീയാവസ്ഥ വ്യക്തമാക്കിയുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ഐ.ജെ വോറ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെയും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥ സങ്കടവും വേദനയും ഉണ്ടാക്കുന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

‘ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ വളരെ സങ്കടവും വേദനയും ഉണ്ടാക്കുന്നതാണ്. ആശുപത്രിയുടെ ദയനീയാവസ്ഥയില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുകയാണ്’, കോടതി അറിയിച്ചു.

ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് പര്യാപ്തമാണ് എന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ അതിനേക്കാള്‍ മെച്ചം കാരാഗ്രഹമാണെന്നാണ് ബോധ്യപ്പെടുന്നത്. ഇത് ഇനിയും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് നീങ്ങുക. ദൗര്‍ഭാഗ്യവശാല്‍, ദരിദ്രരും നിസഹായരുമായ ജനങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല’, കോടതി വിലയിരുത്തി.

വെന്റിലേറ്ററുകളുടെ കുറവ് മൂലം മരണസംഖ്യ ഉയരുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അജ്ഞത പുലര്‍ത്തുന്നത്? സിവില്‍ ആശുപത്രിയുടെ അവസ്ഥയെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന് അറിവുകളുണ്ടായിട്ടും എന്ത് പദ്ധതികളാണ് കൈക്കൊണ്ടതെന്നും കോടതി ചോദിച്ചു.

‘സിവില്‍ ആശുപത്രിയിലെ കാാര്യങ്ങളെക്കുറിച്ച് നിരീക്ഷിക്കാനും വിലയിരുത്താനും ആരോഗ്യമന്ത്രി എത്ര തവണ എത്തി? രോഗികള്‍, ഡോക്ടര്‍മാര്‍, നഴ്സിങ് സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തെക്കുറിച്ച് ഗുജറാത്ത് ആരോഗ്യമന്ത്രിക്ക് എന്തെങ്കിലും ധാരണയുണ്ടോ? ആരോഗ്യമന്ത്രാലം മെഡിക്കല്‍ ഓഫീസര്‍മാരുമായും സ്റ്റാഫ് അംഗങ്ങളുമായും എത്രതവണ വ്യക്തിപരിമായ ആശയ വിനിമയം നടത്തിയിട്ടുണ്ട്?’, കോടതി ചോദിച്ചു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here