ഇത് കേട്ട് ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലാണ് ബംഗലൂരുവിന്റെ നിരത്തിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവര്‍. ലോകത്തിലെ ഏറ്റവും ഗതാഗതതിരക്കേറിയ നഗരമേതാണ് എന്ന് ചോദിച്ചാല്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ പേരായിരിക്കും നമ്മുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ ആ സ്ഥാനവും ‘നമ്മുരു ബംഗലൂരൂ’ വിന് സ്വന്തം. യാത്ര ചെയ്യുന്നതിന്റെ 71 ശതമാനം അധികസമയം ഗതാഗതക്കുരുക്കില്‍ കിടക്കാനാണ് ഇവിടത്തെ വാഹനങ്ങളുടെ വിധി. രണ്ടാം സ്ഥാനം ഫിലിപ്പൈന്‍സിലെ മനിലയ്ക്കാണ്.
57 രാജ്യങ്ങളിലെ 415 നഗരങ്ങളില്‍ വെച്ച് ഏറ്റവും മുന്നിലെത്തിയത് ബംഗലൂരൂ ആണ്. ടോംടോമിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ഇവിടെ യൂബര്‍, ഒല എന്നിവയെക്കാള്‍ ആളുകള്‍ക്ക് പ്രിയം പ്രാദേശിക സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്‌ഫോമുകള്‍ക്കാണ് എന്ന രസകരമായ വസ്തുതയും അവര്‍ കണ്ടെത്തി.
കാര്‍പൂളിംഗ്, ബൈക്ക് പൂളിംഗ് ആപ്പുകളാണ് ഇവിടെ ഹിറ്റ്. ക്വിക്‌റൈഡ്, MoveInSync തുടങ്ങിയ ഒന്നിനൊന്ന് ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. മികച്ച മെട്രോ കണക്റ്റിവിറ്റിയുള്ള നഗരമാണെങ്കിലും ഇവിടത്തെ കൂടുതല്‍പ്പേര്‍ക്കും പ്രിയം റോഡ് യാത്ര തന്നെ.
ഈയിടെ ക്വിക്‌റൈഡ് പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരം ബംഗലൂരുവിലാണ് ഒരു ദിവസം ഏറ്റവും കാര്‍പൂളിംഗ് റൈഡുകളുള്ളത്. കാര്‍ പൂളിംഗ് നടത്തുന്നവരില്‍ തന്നെ 45 ശതമാനം വനിതകളാണത്രെ. 2019ല്‍ ക്വിക് റൈഡിന് 22 ലക്ഷം പുതിയ ഉപയോക്താക്കളെ ലഭിച്ചു. നാലുമടങ്ങ് വളര്‍ച്ചയാണ് ഇവര്‍ കാഴ്ചവെച്ചത്.