gnn24x7

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച പതിനെട്ടുകാരനെ കൊലപ്പെടുത്തിയ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു

0
262
gnn24x7

പട്‌ന: ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ  നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സംസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിലുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

ഹിന്ദു പുത്ര സംഘാതന്‍ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമജ് സംഘാതന്‍ അംഗമായ വികാസ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗ് നിര്‍മ്മാണ യൂണിറ്റ് തൊഴിലാളിയായ പതിനെട്ടുകാരന്‍ അമിര്‍ ഹന്‍സലെയെയാണ് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഹിന്ദു പുത്ര സംഘാതനെതിരെ കഴിഞ്ഞ മെയ് മാസം ബിഹാര്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. സംഘാതനടക്കം 19 സംഘടനകളുടെ നടത്തിപ്പുകാരെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ഡിസംബര്‍ 21ന് നടന്ന പ്രതിഷേധത്തിനെതിരെ വര്‍ഗീയവികാരം അഴിച്ചുവിടുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് നാഗേഷും വികാസുമാണെന്ന് പൊലീസ് പറയുന്നു. കുറ്റകരമായ ഗൂഢാലോചന കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രതിഷേധ സമയത്തും അതിന് മുന്‍പും ഇരുവരും വന്ന ഫേസ്ബുക്ക ലൈവുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഒരു വീഡിയോയില്‍ വികാസ് പൊലീസ് ഹിന്ദുക്കളെ പീഡിപ്പിക്കുകയാണെന്ന് വിളിച്ചു പറയുന്നുണ്ട്. എല്ലാ ഹിന്ദു പുത്രരും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഫുല്‍വാരി ഷെരീഫിലേക്ക് എത്തിച്ചേരണമെന്നും നാഗേഷ് ആവശ്യപ്പെടുന്നുണ്ട്.

മറ്റൊരു വീഡിയോയില്‍ നാഗേഷ് ഹിന്ദു പുത്രനായ താന്‍ ഫുല്‍വാരി ഷെരീഫില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും പറയുന്നു.

ഇവര്‍ അംഗങ്ങളായ രണ്ട് സംഘടനകളെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ രണ്ടു പേരും പട്‌നയില്‍ നിന്നുള്ളവരല്ല. പുറത്തു നിന്നും ആളുകളെ കൊണ്ടു വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രീതി കുറച്ചു നാളുകളായി ഇത്തരത്തിലുള്ള സംഘടനകള്‍ നടത്തി വരുന്നുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് വര്‍ഗീയ  പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ഇത്തരത്തിലുള്ള പ്രവണതയുണ്ടായിരുന്നെന്നും ബീഹാര്‍ പൊലീസ് പറഞ്ഞു.

ഡിസംബര്‍ 21 ന് ആര്‍.ജെ.ഡി. പട്‌നയില്‍ സംഘടിപ്പിച്ച പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചിന് ശേഷമായിരുന്നു അമിര്‍ ഹന്‍സ്‌ലെയെ കാണാതായത്. പത്ത് ദിവസത്തിന് ശേഷം ഡിസംബര്‍ 31ന് അഴുകിയ നിലയിലായിരുന്നു ഫുല്‍വാരി ഷെരീഫ് പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസും മറ്റും പ്രയോഗിക്കാന്‍ തുടങ്ങിയപ്പോഴേ പിരിഞ്ഞു പോകാന്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍ അമിറുമുണ്ടായിരുന്നു.അമിറിനെ കുറച്ചു പേര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുന്നതും പൊലീസിന് ലഭിച്ച വീഡിയോകളില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറ് പേരെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ദീപക് മാഹ്‌തോ, ഛോട്ടു മാഹ്‌തോ, സനോജ് മാഹ്‌തോ, റെയ്‌സ് പവാന്‍ തുടങ്ങിയവരാണ് മറ്റ് പ്രതികള്‍. ഇവര്‍ പ്രദേശത്ത് കുപ്രസിദ്ധരായ ക്രിമിനലുകളാണെന്ന് പൊലീസ് പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here