ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാര്‍ലമെന്റിലാണ് യോഗം ചേരുന്നത്. ആദ്യം സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് പാര്‍ലമെന്റിലേയ്ക്ക് മാറ്റുകയായിരുന്നു.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ആംആദ്മി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളും യോഗം ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ രാഷ്ടീയ ലാഭം കോണ്‍ഗ്രിന് മാത്രമായേക്കുമെന്ന വിലയിരുത്തലിലാണ് നിസ്സഹകരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ രജിസ്റ്ററും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു.
സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ആദ്യം അറിയിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. പിന്നീട് ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തുകയായിരുന്നു.ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്‍റെയും ഇരട്ട നിലപാട് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ജനുവരി 13ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിച്ച യോഗം ബഹിഷ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഴിച്ചുവിട്ട അക്രമം ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മമത പറഞ്ഞത്.പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.