രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടത്താനുള്ള ടെലികോം വകുപ്പിന്റെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അടുത്തമാസം 26-ന് തുടങ്ങുന്ന ലേലത്തിൽ പങ്കെടുക്കാൻ എട്ടാം തിയതിവരെ അപേക്ഷ നൽകാമെന്ന് സർക്കാർ അറിയിച്ചു. ഓഗസ്റ്റ്-സെപ്റ്റംബറോടെ 5ജി സേവനം ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ജൂലൈ 12ന് അപേക്ഷ സമർപ്പിച്ച കമ്പനികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. ജൂലൈ 20ന് ലേലത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ജൂലൈ 22നും 23നും പരീക്ഷണാടിസ്ഥാനത്തിൽ ലേലം നടക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 26ന് അന്തിമ ലേലം നടക്കുക.
72097.85 മെഗാഹെഡ്സ് സ്‍പെക്ട്രമാണ് ലേലത്തിന് വെക്കുന്നത്. വിവിധ ബാൻഡുകളിൽ സ്‍പെക്ട്രം ലേലത്തിനുണ്ടാകും. 600,700,800,900,1800, 2100 എന്നിങ്ങനെയുള്ള താഴ്ന്ന ബാൻഡുകളിലും 3300ന്റെ മധ്യബാൻഡിലും 26 ജിഗാഹെഡ്സിന്റെ ഉയർന്ന ബാൻഡിലും ലേലമുണ്ടാകും. രാജ്യത്ത് 5ജി എത്തുന്നതോടെ ഇന്റർനെറ്റ് വേഗതയിൽ വലിയ വിപ്ലവങ്ങളുണ്ടാവും.