gnn24x7

പലിശ നിരക്ക് കൂട്ടി യുഎസ് കേന്ദ്രബാങ്ക്; ഇന്ത്യൻ രൂപയും വിപണിയും ഇടിയും: ഇന്ധനവില ഇനിയും ഉയരും

0
225
gnn24x7

വാഷിങ്ടൻ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.75 ഉയർത്തി. വിലക്കയറ്റം നേരിടാൻ പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടിയിലെ ഏറ്റവും ഉയർന്നതാണ്.സാധാരണ .50 ശതമാനം വരെയാണ് ഉയർത്താറുള്ളത്.വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നീക്കം വഴി വായ്പ,ക്രെഡിറ്റ് കാർഡ് ഭാരമെല്ലാം കൂടും. ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കാത്തിരിക്കുന്നതാണ് ഫെഡറൽ റിസർവ് പ്രഖ്യാപനം.

ഇന്ത്യ പോലുള്ള വികസ്വര വിപണികളുടെ ആകർഷണീയത വിദേശ നിക്ഷേപകരുടെ ഇടയിൽ വീണ്ടും ഇടിയാൻ ഇത് കാരണമാകും. വിദേശ നിക്ഷേപകർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികളിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതു തുടരുകയും ചെയ്യും. നിക്ഷേപം തിരികെ എത്തുന്നതിന് അനുസരിച്ച് ഡോളർ വീണ്ടും കരുത്താർജിക്കും. ഇത് ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തും. രൂപയുടെ തളർച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവു വലിയതോതിൽ കൂട്ടും.

നിലവിൽ 120 ഡോളറിനു മുകളിലാണ് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതും പണം ഡോളറിൽ നൽകി. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിയുന്നതിനനുസരിച്ച് എണ്ണ വാങ്ങാൻ കൂടുതൽ പണം രാജ്യം ചെലവാക്കേണ്ടിവരും.

ഡോളറിനെതിരെ രൂപ മാത്രമല്ല, എല്ലാ രാജ്യങ്ങളുടെയും കറൻസികൾ ദുർബലമാകാൻ ഈ പലിശ ഉയർത്തൽ ഇടയാക്കും. ഓഹരികൾ വിറ്റ് നിക്ഷേപം മടക്കിക്കൊണ്ടുപോകുന്നത് രാജ്യത്തെ ആഭ്യന്തര നിക്ഷേപകർക്ക് ഭീമമായ നഷ്ടം വരുത്തും. ഡോളർ ക്ഷാമവുമുണ്ടാക്കും. ഡോളറിനെതിരെ രൂപയുടെ വില കുറയുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവു വൻതോതിൽ കൂട്ടാൻ ഇടയാക്കും. റഷ്യ യുക്രെയ്ൻ യുദ്ധം മൂലം ക്രൂഡ് ഓയിൽ വില കുതിച്ചു കയറുമ്പോഴാണ് രൂപ ഡോളറിനെതിരെ തളരുന്നത്.

ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും. ഇത് രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിനെയും പിന്നോട്ടടിക്കും. ഇന്ധന നികുതി ഇനിയും കൂട്ടാൻ ഒരുപക്ഷേ, സർക്കാർ നിർബന്ധിതരായേക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here