തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടർപട്ടികയിലെ ക്രമക്കേടുകളടുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടർകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത്.
വോട്ടർ ഐഡി കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിർദേശം തെരഞ്ഞെടുപ്പുകമ്മിഷൻ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ആധാർ നിർബന്ധമാക്കരുതെന്ന 2015ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തുടർനടപടിയുണ്ടായില്ല. ഇതേതുടർന്ന് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ തെരഞ്ഞെടുപ്പുകമ്മിഷൻ കേന്ദ്രസർക്കാരിനെ സമീപിക്കുകയായിരുന്നു.
പുതുതായി വോട്ടർ കാർഡിന് അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും ആധാർ നമ്പർ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷൻ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. സുപ്രീംകോടതി വിധി നിലവിലുള്ളതിനാൽ നിയമനിർമാണത്തിലൂടെയല്ലാതെ ആധാർ നമ്പർ വ്യക്തികളിൽ നിന്ന് നിർബന്ധപൂർവം ആവശ്യപ്പെടാനാവില്ല.