2019 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനത്തോളം യാത്രക്കാര്‍ വര്‍ദ്ധിച്ചു. നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്.
2018 ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019 ല്‍ 41 ലക്ഷം വര്‍ദ്ധിച്ച് 1,65,99,020 ആയി. 2019 സെപ്തംബര്‍ മൂന്നുവരെ 88,83,184 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. മഹാരാജാസ് സ്റ്റേഷനില്‍ നിന്ന് തൈക്കൂടത്തേക്ക് സര്‍വീസ് നീട്ടിയ സെപ്തംബര്‍ നാലു മുതല്‍ ഡിസംബര്‍ 30 വരെ 77,14,836 പേര്‍ മെട്രോ യാത്രയ്ക്കെത്തി.
പ്രതിദിന യാത്രക്കാരുടെ എണ്ണം വാരാന്ത്യങ്ങളില്‍ 68,000 വരെ എത്തുന്നുണ്ട്. ഒറ്റ ദിവസത്തെ മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നതും പോയ വര്‍ഷത്തിലാണ്. സെപ്തംബര്‍ 12 ന് 1,01,983 പേര്‍ മെട്രോയില്‍ സഞ്ചരിച്ചു.
പോയ വര്‍ഷം കൊച്ചി മെട്രോയ്ക്ക് അഭിമാനം നിറഞ്ഞ വര്‍ഷമാണെന്ന് കെഎംആര്‍എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. മെട്രോയുടെ രണ്ടാം ഘട്ടത്തിന് 2020 ല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തൈക്കൂടം–പേട്ട പാത ഈവര്‍ഷം മാര്‍ച്ചിലും രാജ്യത്തെ ആദ്യ ജലമെട്രോ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും എംഡി അറിയിച്ചു.
പുതുവത്സരം പ്രമാണിച്ച് കൊച്ചി മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തുന്നുണ്ട്. ഇതനുസരിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നുവരെ ആലുവയില്‍ നിന്നും തൈക്കൂടത്തുനിന്നും ട്രെയിന്‍ പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നായിരിക്കും ഇരുഭാഗത്തു നിന്നുമുള്ള അവസാന സര്‍വീസ്. 4, 5 തീയതികളിലെ സര്‍വീസ് സമയവും നീട്ടിയിട്ടുണ്ട്. ആലുവയില്‍ നിന്ന് രാത്രി 11.10 നും തൈക്കൂടത്തുനിന്ന് രാത്രി 11 നുമായിരിക്കും അന്നത്തെ അവസാന സര്‍വീസ്.