ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജാ പട്ടേരിയയാണ് അറസ്റ്റിലായത്. വിവാദ പ്രസംഗം വലിയ ചർച്ചയായതോടെ പട്ടേരിയക്കെതിരെ കേസെടുക്കാൻ നേരത്തെ മധ്യപ്രദേശ് സർക്കാർ നിർദ്ദേശിച്ചിരുന്നു.
നിരവധി പ്രവർത്തകർ പങ്കെടുത്ത പാർട്ടി ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയെ കൊല്ലാൻ തയ്യാറാകണമെന്ന് പട്ടേരിയ ആഹ്വാനം ചെയ്തത്. ‘മോദി തിരഞ്ഞെടുപ്പുകൾ അവസാനിപ്പിക്കും. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ മോദി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത് വിഭാഗക്കാരുടെയും ഗോത്രവർഗ വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാക്കും. ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറായിക്കോളൂ’, എന്നായിരുന്നു പട്ടേരിയയുടെ വിവാദ പ്രസംഗം.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പട്ടേരിയയ്ക്കെതിരേ വലിയ രോഷമുയർന്നു. കൊല്ലുക എന്നുവച്ചാൽ തോൽപ്പിക്കുക എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചുവെങ്കിലും വിവാദം കെട്ടടങ്ങിയിരുന്നില്ല. സംഭവത്തിൽ കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെ ദാമോ ജില്ലയിലെ ഹാത പട്ടണത്തിലുള്ള പട്ടേരിയയുടെ വീട്ടിലെത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അതേസമയം, പട്ടേരിയയുടെ പ്രസംഗം തീർത്തും അപലപനീയമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇത്തരം വാക്കുകൾ ആർക്കെതിരേയും, പ്രത്യേകിച്ച് പ്രധാനമന്ത്രിക്കെതിരേ ഉപയോഗിക്കുന്നതിൽ ന്യായീകരണമില്ല. അത്തരം പ്രസ്താവനകളെ പാർട്ടി അപലപിക്കുന്നതായും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88