gnn24x7

ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയൻ വംശജർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

0
205
gnn24x7

ദില്ലി: ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ എത്തിയ 15 ഇറ്റാലിയൻ വംശജർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇന്നലെ ദില്ലിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ നിലവിലുള്ള  രോഗികളുടെ എണ്ണം പതിനെട്ടായി.

അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് മൂന്ന് കൊവിഡ് കേസുകളില്‍ ഒന്ന് ദില്ലി സ്വദേശിയുടേതാണ്. ഇയാളുടെ നില ഗുരുതരമാണ്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ഇയാള്‍ക്കൊപ്പം ആറോളം ബന്ധുക്കളും ഉണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ സന്ദര്‍ശിച്ച നോയിഡ സ്കൂള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള 40 ഓളം കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ആര് പേര്‍ക്ക്  കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നത് ആശ്വാസ്യകരമാണ്.

നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രത നി‍ർദ്ദേശം നൽകി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകൾ തുടരുകയാണ്. രോഗബാധിതർ സഞ്ചരിച്ച് വിമാനങ്ങളിലെയും ഹോട്ടലുകളിലും ജീവനക്കാരെ അടക്കം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനകൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സൈന്യത്തോട് ,സജ്ജമായി ഇരിക്കാനും നി‍ർദ്ദേശമുണ്ട്. വിമാനസർവീസ് കമ്പനികളിലെ ജീവനക്കാർക്ക് കൈയുറയും മുഖാരണവും ധരിക്കാൻ ഡിജിസിഎ കർശന നി‍ർദ്ദേശം നൽകി.ഇന്ത്യയിലേക്ക് എത്തുന്ന എല്ലാവരെയും സ്ക്രിനിംഗ് ടെസ്റ്റ്  നടത്താനാണ് തീരുമാനം. കൂടാതെ വിമാനത്താവളങ്ങളിൽ പരിശോധന ക‍ർശനമാക്കാനും നിർദ്ദേശമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here