മുംബൈ: ചൈനയിലെ കൊറോണ വൈറസ് ഭീതി ഏഷ്യൻ മാർക്കറ്റുകളെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഏഷ്യൻ വിപണികളിലെ കനത്ത നഷ്ടം ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. സെൻസെക്സ് 250 പോയിന്റോളം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 80 പോയിന്റും നഷ്ടത്തിലാണ്. 711 ഓഹരികൾ നേട്ടത്തിലും 899 ഓഹരികൾ നഷ്ടത്തിലും 80 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്.മെറ്റൽ ഓഹരികൾ ഒരു ശതമാനത്തോളം ഇടിവ് ഇന്ന് രേഖപ്പെടുത്തി. ഓട്ടോ, ബാങ്കിംഗ് ഓഹരികളും നഷ്ടത്തിലാണ്. ഫാർമ മേഖലയിലെ ഓഹരികൾ മാത്രമാണ് അൽപ്പമെങ്കിലും നേട്ടം ഇന്ന് കൈവരിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും നഷ്ടത്തിലാണ്.
ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയിൽ കൊറോണ വൈറസ് പടര്‍ന്നതോടെ എണ്ണ ആവശ്യകത കുറഞ്ഞു. രാജ്യാന്തരവിപണിയിൽ വലിയ ചലനമാണ് ഇതുണ്ടാക്കുന്നത്. ജനുവരി ആദ്യവാരത്തോടെ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ക്രൂഡ് വില ഇപ്പോൾ 53 ഡോളറിലേക്ക് താഴ്ന്നു. ആറ് ലക്ഷം ബാരലിലേക്ക് പ്രതിദിന ഉത്പാദനം കുറയ്ക്കണമെന്ന ഒപെകിന്റെ നിർദേശത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.