ശ്രീനഗര്‍: ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദേവീന്ദര്‍ സിങ്ങിനെ കോടതി പതിനഞ്ചു ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍ സഹായിക്കുന്നതിനിടെയാണ് ദവീന്ദര്‍ പിടിയിലായത്. ഇതിനു പിന്നാലെ സര്‍വീസില്‍നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ദേവീന്ദറിനൊപ്പം അറസ്റ്റിലായ രണ്ട് ഭീകരവാദികള്‍, മറ്റു രണ്ടു കൂട്ടാളികള്‍, ഭീകരവാദികളില്‍ ഒരാളുടെ സഹോദരന്‍ എന്നിവരെയും കോടതി പതിനഞ്ചുദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അഞ്ചുപേരെയും വിശദമായി ചോദ്യംചെയ്യുന്നതിന് പതിനഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം അംഗീകരിച്ച കോടതി ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പമായിരുന്നു ദേവീന്ദര്‍ സിംഗ് യാത്ര ചെയ്തിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്.