ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും.
ആ അവസരത്തിലാണ് BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ഇന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടക്കുക. ഈസ്റ്റ് ഡല്‍ഹിയിലെ കര്‍കര്‍ഡൂമയില്‍ 2 മണിക്കാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യുക.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ BJPയുടെ സ്റ്റാര്‍ പ്രചാരകനായ മോദി 2 റാലികളെ അഭിസംബോധന ചെയ്യും. അതില്‍ ആദ്യത്തേതാണ് ഇന്ന് കര്‍കര്‍ഡൂമയില്‍ നടക്കുന്നത്. രണ്ടാമത്തെ റാലി ഫെബ്രുവരി 4ന് ദ്വാരകയില്‍ നടക്കും, പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രചാരണം BJPയുടെ അന്തിമ മുന്നേറ്റമാണ്. പ്രധാനമന്ത്രി വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നത് പാര്‍ട്ടിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതിനാലാണ് പ്രധാനമന്ത്രിയുടെ രണ്ട് റാലികളും കേന്ദ്ര ബജറ്റിന് ശേഷ൦ ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം നടക്കുന്ന അവസരത്തില്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് BJPയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. കൂടാതെ, ഡല്‍ഹിയിലെ ഷാഹീന്‍ ബാഗ് തന്നെ പ്രതിഷേധത്തിന്‍റെ കേന്ദ്രമായി നിലകൊള്ളുമ്പോള്‍ വിജയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
അതേസമയം, രാജ്യത്തെ ഏതു സംസ്ഥാനത്തും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റാലികളില്‍ പങ്കെടുക്കാറുള്ള പ്രധാനമന്ത്രി തലസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വെറും 2 റാലികളില്‍ മാത്രം പങ്കെടുക്കുന്നത് ചോദ്യമുയര്‍ത്തുകയാണ്.
നരേന്ദ്രമോദി പ്രഭാവം ബിജെപിയില്‍ മങ്ങിത്തുടങ്ങിയോ…? എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദ്യമുയര്‍ത്തുന്നത്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് ബിജെപി മുന്നോട്ടു നീങ്ങുകയാണെങ്കിലും തിരഞ്ഞെടുപ്പ് വേദികളില്‍ പ്രധാനമന്ത്രിയുടെ അഭാവം സംശയാസ്പദമാണ്. കൂടാതെ, ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയ്ക്ക് അമിതപ്രാധാന്യം നല്കി പ്രചാരണം വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും സൂചനകള്‍ പുറത്തു പുറത്തുവന്നിരുന്നു.
എന്നാല്‍, മറ്റൊരു സൂചനകൂടി പുറത്തു വരുന്നുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടി വീണ്ടും അധികാരം പിടിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെയാണ് പ്രധാനമന്ത്രിയെ പ്രചാരണങ്ങളില്‍ നിന്നും മാറ്റിയതെന്ന സൂചനയുമുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ പ്രതിപക്ഷം വീണ്ടും മോദിക്കെതിരേ വാളോങ്ങുന്നത് ഒഴിവാക്കാനും ഇതുവഴി കഴിയുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുവെന്നാണ് സൂചന.