കൊച്ചി: പാരീസ് ഫിലിം ഫെസ്റ്റിവലിലും നേട്ടമുണ്ടാക്കി മൂത്തോന്‍. മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌ക്കാമാണ് സ്വന്തമാക്കിയത്. പാരിസിലെ
Festival du Film d’Asie du Sud – FFAST ഫെസ്റ്റിവലിലാണ് മൂത്തോന്‍ നേട്ടം സ്വന്തമാക്കിയത്.
ചിത്രത്തിലെ നേട്ടം സംവിധായക ഗീതുമോഹന്‍ദാസിന് അര്‍ഹതപ്പെട്ടതാണെന്ന് നടന്‍ നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് ശരിക്കും ഒരു ബഹുമതിയാണെന്നും നിവിന്‍ പറഞ്ഞു.
നേരത്തെ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മികച്ച അഭിപ്രായമായിരുന്നു നേടിയത്. നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധുലി പാല, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ റെപ്രേസന്റഷന്‍ വിഭാഗത്തില്‍ മൂത്തോന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. തന്റെ ജ്യേഷ്ഠനെ അന്വേഷിച്ച് ലക്ഷദ്വീപില്‍ നിന്ന് മുംബൈലേക്ക് യാത്ര തിരിക്കുന്ന മുല്ലയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മുംബൈയില്‍ എത്തുന്ന മുല്ല, അക്ബര്‍ എന്ന ഗുണ്ടയുടെ കയ്യില്‍ അകപ്പെടുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിലെ നായിക ശോഭിത ധുലിപാല നെറ്റിഫ്‌ളിക്‌സ് സീരീസുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ്. ബോളിവുഡിലെ നാലു സംവിധായകര്‍ ഒരുമിച്ച് സംവിധാനം ചെയ്ത മേഡ് ഇന്‍ ഹെവന്‍ എന്ന സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈയടുത്ത് ഇറങ്ങിയ ബാര്‍ദ് ഓഫ് ബ്ലഡ് എന്ന് സീരീസും മികച്ച അഭിപ്രായം നേടുന്നു.
ചിത്രത്തിലെ റോഷന്റെ പ്രകടനം കണ്ട് സംവിധായകന്‍ അനുരാഗ് കശ്യപ് റോഷന് ഹിന്ദി സിനിമയില്‍ അവസരം നല്‍കിയതും ഏറെ വാര്‍ത്തയായിരുന്നു.
ബോളിവുഡ് നടന്‍ ഷഷാങ്ക് അറോറ തിത്‌ലി, ബ്രാഹ്മണ്‍നമന്‍ തുടങ്ങിയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ച നടനാണ്. മേഡ് ഇന്‍ ഹെവന്‍ സീരീസിലും നടന്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ്.