അബുദാബി: കടലിലും കരയിലും പടരുന്ന എണ്ണ നീക്കം ചെയ്ത് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള റോബട്ടുമായി അബുദാബി ശാസ്ത്രോത്സവത്തിൽ മലയാളി വിദ്യാർഥികൾ. വിവിധോദ്ദേശ റോബോട്ടാണ് അബുദാബി ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥികളായ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സാമർ, മലപ്പുറം സ്വദേശി മുഹമ്മദ് അൻഷാ, ആലപ്പുഴ സ്വദേശി ദേവനന്ദൻ എന്നിവർ ചേർന്ന് സജ്ജമാക്കിയത്.
അബുദാബി ശാസ്ത്രോത്സവത്തിൽ പ്രദർശിപ്പിച്ച വ്യത്യസ്തമായ പദ്ധതിയും ഇതാണ്. പരിശീലക ശരണ്യ ശ്രിഗണേഷാണ് ഈ കുട്ടികളിലെ ശാസ്ത്രമികവ് കണ്ടെത്തി പരിപോഷിപ്പിച്ചത്. കടലിൽ നിന്ന് എണ്ണ നീക്കം ചെയ്യുന്നതു മനുഷ്യർക്ക് പ്രയാസമേറിയതാണെന്ന ചിന്തയാണു റോബട്ടിലെത്തിച്ചത്. റോബോട്ട് ഉപയോഗിച്ച് മുകൾ പരപ്പിലെ എണ്ണ ശേഖരിക്കുന്നതിലൂടെ മത്സ്യങ്ങൾ ഉൾപെടെ യുള്ളവയുടെ സംരക്ഷണം സാധ്യമാകും. ഇതേ സംവിധാനം കരയിലും ഉപയോഗിക്കാമെന്ന് സാമർ വിവരിച്ചു.
ഇങ്ങനെ ശേഖരിക്കുന്ന എണ്ണ ശുദ്ധീകരിച്ചു സൂക്ഷിക്കാനുള്ള സംവിധാനവും റോബോട്ടിലുണ്ട്. കടലിലെ തിരമാലയുടെ ശക്തി തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന വേവ് ഡിറ്റക്ടറും ഇതിൽ പ്രവർത്തിക്കുന്നു. ഇത് മത്സ്യബന്ധന, യാത്രാ കപ്പലുകൾക്കും ഗുണകരമാകും. പദ്ധതിയെക്കുറിച്ച് സന്ദർശകർക്കു വിവരിച്ചുകൊടുക്കുന്ന മൂവർ സംഘം ഇഷ്ടപ്പെട്ടാൽ വോട്ട് ചെയ്യാൻ മറക്കരുതെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രമേളയിൽ 78 കുട്ടി ശാസ്ത്രജ്ഞന്മാരാണ് വിവിധ പദ്ധതികൾ അവതരിപ്പിക്കുന്നത്. ഒൻപതിനാണു ശാസ്ത്രോത്സവം സമാപിക്കുക.
സ്മാർട്ടാക്കാം, നീന്തൽകുളം
നീന്തൽകുളം സ്മാർട്ടാക്കി അപകടം ഒഴിവാക്കാനുള്ള സംവിധാനവും വിദ്യാർഥികൾ അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് നീന്തൽകുളത്തിന് അടുത്തെത്തുന്ന കൊച്ചു കുട്ടികളെ സെൻസറിലൂടെ തിരിച്ചറിയുന്ന റോബോട്ട് വലകൊണ്ട് കുളം മൂടുന്നതാണു സംവിധാനം.
എയർബാഗ് കുളത്തിലും
സെൽഫ് സേവിങ് ബാൻഡ് ധരിച്ച് കടലിലോ പുഴയിലോ കുളത്തിലോ ഇറങ്ങുന്ന കുട്ടികൾ മുങ്ങിപ്പോകില്ല. ബാൻഡിൽ സ്ഥാപിച്ച സെൻസർ ഇക്കാര്യം മനസ്സിലാക്കി രക്ഷാ ട്യൂബ് പുറത്തിറക്കും. ഇതിൽപിടിച്ച് കുട്ടിക്ക് വെള്ളത്തിൽ മുങ്ങാതെ കരയ്ക്കെത്താനാകും.
വരച്ച വരയിൽ നിർത്താം
പാർക്കിലും ബീച്ചിലും ഷോപ്പിങ് മാളുകളിലും ഉല്ലാസത്തിനു പോകുമ്പോഴോ മറ്റോ കുട്ടികൾ നിശ്ചിത അകലത്തിൽ പോകാതിരിക്കാനായാണ് ട്രാക്കർ ഉപയോഗിക്കുന്നതെന്ന് ദേവനന്ദൻ പറഞ്ഞു. ദൂരപരിധി മുൻകൂട്ടി നിശ്ചയിക്കുന്നതിനാൽ അതിനപ്പുറത്തേക്കു കുട്ടി പോകുകയാണെങ്കിൽ രക്ഷിതാക്കളെ വിവരമറിയിക്കുന്ന ദൗത്യമാണ് ട്രാക്കറിനുള്ളത്.