ന്യൂഡല്‍ഹി: കൊറോണ വൈറസ് അതിഭീകരമാം വിധം രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ പരിപാലനത്തില്‍ മുന്‍പില്‍ നിലകൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതവും ആശങ്കയിലാണ്. രോഗികളുടെ പരിപാലനത്തോടൊപ്പം സ്വന്തം സുരക്ഷയിലും ഇവര്‍ക്ക് ശ്രദ്ധിച്ചേ തീരൂ.
അതേസമയം, നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഡല്‍ഹിയില്‍ മൊഹല്ല ക്ലിനിക്കില്‍ സേവനം ചെയ്യുന്ന 2 ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, ഇന്ന് 3 ഡോക്ടര്‍മാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ഇതിനോടകം 5 ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഡല്‍ഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ക്കും നോർത്ത് കാമ്പസിലെ വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന അവരുടെ ഭര്‍ത്താവിനുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ, ഡല്‍ഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി ആതുരസേവനരംഗത്തെ പ്രമുഖരുമായി ആശയ വിനിമയം നടത്തി.
അതേസമയം, ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ നിര്‍ണ്ണായക പ്രഖ്യാപനമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നടത്തിയിരിയ്ക്കുന്നത്.
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ സഹായ ധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രഖ്യാപിച്ചു.
‘കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍, അവര്‍ ശുചീകരണത്തൊഴിലാളികളോ ഡോക്ടര്‍മാരോ നഴ്സുമാരോ ആകട്ടെ. അവര്‍ ചെയ്ത സേവനത്തോടുള്ള ബഹുമാനാര്‍ഥം കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ നല്‍കും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കു൦,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരെ ഡല്‍ഹി സര്‍ക്കാര്‍ കൈവെടിയില്ല എന്ന ഉറപ്പാണ് ഈ പ്രഖ്യാപനത്തിലൂടെ നല്‍കിയിരിക്കുന്നത്.




































