gnn24x7

ദല്‍ഹി കലാപത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണവുമായി ദൃക്‌സാക്ഷികള്‍

0
185
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണവുമായി ദൃക്‌സാക്ഷികള്‍. ഇവര്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

ഒരു ഡെപ്യൂട്ടി കമ്മീഷണര്‍, രണ്ട് അഡീഷണല്‍ കമ്മീഷണര്‍മാര്‍, രണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ദൃക്‌സാക്ഷികള്‍ വ്യാപകമായി പരാതി നല്‍കിയിരിക്കുന്നത്.

ദല്‍ഹിയിലെ മുസ്‌ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്തി, യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തു, തീവെപ്പ് നടത്തി, കലാപത്തിനിടെ കൊള്ളയടിച്ചു തുടങ്ങിയ ഗുരുതരാരോപണങ്ങള്‍ ദൃക്‌സാക്ഷികള്‍ ഉന്നയിച്ചതായി ദ കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി നല്‍കിയ ഒരു സ്ത്രീ പറഞ്ഞത്, ചാന്ദ് ബാഗില്‍ നിന്നുള്ള മൂന്ന് പൊലീസുദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് അവരെ കൊല്ലുന്നത് കണ്ടുവെന്നാണ്. ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ എ.സി.പി അനൂജ് ശര്‍മ, ദയല്‍പുര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ തര്‍കേഷ് വാര്‍സിംഗ്, ഭജന്‍പുര പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ആര്‍.എസ് മീന എന്നിവര്‍ക്കെതിരെയാണ് ആരോപണം.

‘ഞാന്‍ യഥാര്‍ത്ഥത്തില്‍ ഇതെല്ലാം കണ്ട് ഭയന്നുപോയി. ആരു വന്ന് ഞങ്ങളെ അന്ന് രക്ഷിക്കുമെന്നും ഞാന്‍ ചിന്തിച്ച് പോയി,’പരാതി നല്‍കിയ സ്ത്രീ പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ പൊലീസുദ്യോഗസ്ഥര്‍ തങ്ങളെ കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ചിലും ഫെബ്രുവരി മാസത്തിലുമാണ് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ പരിസരവാസികള്‍ പരാതികള്‍ നല്‍കിയത്. എന്നാല്‍ ഈ കേസുകളില്‍ ഇതുവരെയും എഫ്.ഐ.ആര്‍ പോലും തയ്യാറാക്കിയിട്ടില്ല.

ദല്‍ഹി കലാപത്തിന് കാരണമായെന്ന് വിശ്വസിക്കുന്ന കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നിരവധിപേര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളൊന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലെന്ന് കാരവന്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഈദ് ഗാഹ് ഗ്രൗണ്ടിലെ താത്കാലിക അഭയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് കഴിയുന്ന ആളുകളാണ് പൊലീസ് ഹെല്‍പ് ഡെസ്‌കില്‍ പരാതി നല്‍കിയവരില്‍ ഭൂരിഭാഗം പേരും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതിപ്പെടാന്‍ പോയവരില്‍ നിന്നും പൊലീസ് പരാതി സ്വീകരിക്കാത്ത നടപടിയുണ്ടായി. നിരവധി പരാതികളാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും ലഫ്. ഗവര്‍ണറുടെയും ഓഫീസുകളിലേക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here