ന്യദല്‍ഹി: ആരോഗ്യപ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരുടെയും ഭീഷണിക്ക് കീഴ്‌പ്പെടരുതെന്നും സമ്മര്‍ദത്തില്‍ നിന്ന് തീരുമാനമെടുക്കരുതെന്നും കോണ്‍ഗ്രസ്. കോവിഡ് -19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്തില്ലെങ്കില്‍ പ്രതികാരം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
‘ഈ വിദേശനയം അരാഷ്ട്രീയമാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമുണ്ട്. ഭയപ്പെടുത്തലോ ഭീഷണിയോ കാരണം ഒരു തീരുമാനവും എടുക്കരുത്. പുറംലോകത്തേക്ക് അത് ഒരു തെറ്റായ സന്ദേശമാണ് കൈമാറുന്നത്’, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
രാജ്യത്തിനും 130 കോടി പൗരന്മാര്‍ക്കും എതിരായ ഒരു നടപടിയും പ്രധാനമന്ത്രി സ്വീകരിക്കരുതെന്നും അതാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമെന്നും ഖേര ചൂണ്ടിക്കാട്ടി. മറ്റെല്ലാം പിന്നീട് പരിഗണിക്കാമെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഭീഷണികള്‍ക്ക് സ്ഥാനമില്ല. നമ്മള്‍ സമ്മര്‍ദ്ദത്തിലാകണമോ എന്നത് ചരിത്രം ഉറ്റുനോക്കുന്നതാണെന്നും ഖേര പറഞ്ഞു. ഇന്ത്യ ഭീഷണിയുടെ ഭാഷ ഉപയോഗിക്കാറില്ല. ജീവന്‍ രക്ഷാ മരുന്നുകള്‍ കയറ്റി അയക്കുന്നത് തെറ്റായ ദൃഷ്ടാന്തമാണെന്നും ഖേര അഭിപ്രായപ്പെട്ടു. പ്രതിസന്ധി നേരിടുന്ന ഈ മണിക്കൂറുകളില്‍ ഭീഷണികള്‍ നേരിടേണ്ടിവരുന്നത് എന്തുതരം കീഴ് വഴക്കമാണെന്നും അദ്ദേഹം ചോദിച്ചു.
‘ബംഗ്ലാദേശിനായുള്ള പോരാട്ടത്തിനിടെ ഇന്ത്യയെ ചിലര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിന് വഴങ്ങാത്ത ഇന്ദിരാഗാന്ധിയുടെ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. നമ്മുടെ സമ്പന്നമായ പാരമ്പര്യങ്ങളില്‍നിന്നും ചരിത്രത്തില്‍നിന്നും പ്രധാനമന്ത്രി പഠിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’.
130 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന നമ്മള്‍ ആരുടെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടതില്ല എന്നാണ് ഞങ്ങള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നത്. ആദ്യത്തെ ഉത്തരവാദിത്തം ഇന്ത്യയോടും അതിന്റെ 130 കോടി ഇന്ത്യക്കാരോടും ആണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.