വാരാണസി: ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഡ്രസ്സ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടമനുസരിച്ച് പുരുഷന്മാർ ഇന്ത്യൻ ഹിന്ദു പരമ്പരാഗത വസ്ത്രമായ ധോതി-കുർത്തയും സ്ത്രീകള്‍ സാരിയുമാണ് ധരിക്കേണ്ടത്. ഈ വേഷം ധരിച്ചവര്‍ക്ക് മാത്രമേ ശ്രീകോവിലില്‍ പ്രവേശിക്കാനും പൂജാർച്ചന നടത്താനും സാധിക്കൂ.
ഒപ്പം, ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാനുള്ള അനുമതി രാവിലെ 11 വരെയായി നിജപ്പെടുത്തി. കാശി വിദ്വത് പരിഷത്താണ് തീരുമാനം കൈക്കൊണ്ടത്. പുതിയ നിയമം കര്‍ശനമായി പ്രയോഗികമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പാന്‍റ്സ്, ഷർട്ട്, ജീൻസ് എന്നിവ ധരിക്കുന്ന ആളുകളെ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. പുതിയ നിയമം എന്നുമുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും, നിയമം പ്രവര്‍ത്തികമാക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യയിലെ ഹൈന്ദവ പുണ്യ നഗരമായ വാരാണസിയ്ക്ക് രാഷ്ട്രീയപരമായും ഏറെ പ്രാധാന്യമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്‍ററി മണ്ഡലമായതിനാൽ പുണ്യനഗരവും ഏറെ പ്രാധാന്യമർഹിക്കുന്നു. രണ്ട് തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ തിരഞ്ഞെടുത്തത് വാരാണസിയാണ്. ഒപ്പം, പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനുശേഷം ഈ പുണ്യ നഗരത്തിന്‍റെ വികസനത്തിനായി നിരവധി നടപടികൾ സ്വീകരിച്ചു. 2019 മാർച്ചിൽ പ്രധാനമന്ത്രി മോദി പ്രശസ്തമായ ഈ ക്ഷേത്രത്തിലേക്കുള്ള ഒരു പുതിയ റോഡ് മാര്‍ഗ്ഗത്തിന് തറക്കല്ലിട്ടിരുന്നു.കൂടാതെ, സംസ്ഥാന സര്‍ക്കാരും ഈ പുണ്യ നഗരത്തിന്‍റെ വികസനത്തിന് ഏറെ ശ്രദ്ധയും പ്രാധാന്യവും നല്‍കുന്നുണ്ട്.