gnn24x7

ഫ്ലാറ്റുകളെല്ലാം പൊളിച്ചു നീക്കി; സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

0
215
gnn24x7

തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അനധികൃത ഫാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കൂടാതെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികളിന്മേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലായിരിക്കും പ്രധാനമായും ഇന്ന് വാദം നടക്കുന്നത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് നഷ്ടപരിഹാര സമിതി കോടതിയെ അറിയിക്കും.നഷ്ടപരിഹാരത്തിന്‍റെയും അന്വേഷണത്തിന്‍റെയും കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ വാദവും കോടതി ഇന്ന് കേള്‍ക്കും.

കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ്. അതേസമയം തീരദേശ പരിപാലന നിയമ ലംഘനത്തില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്.മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.എന്നാല്‍ മരട് ഫ്ലാറ്റ് കേസില്‍ വിധി നടപ്പാക്കുന്ന കാര്യത്തില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാരിനെ സൂപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി വിളിച്ചു വരുത്തുകയും രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വേഗത വന്നത്.തുടര്‍ന്ന്‍ ഫ്ലാറ്റുകള്‍ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജനുവരി 11,12 തീയതികളില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. മരടിലെ നാല് ഫ്ലാറ്റുകളും വിജയകരമായി സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഈ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് കേരളത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here