gnn24x7

വിവാദ വൈദ്യുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.

0
277
gnn24x7

ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ വിവാദ വൈദ്യുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച ശേഷം സ്ഥിരം സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ബിൽ തീർത്തും ജനവിരുദ്ധമെന്ന് ആരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. ഈ ബിൽ പിൻവലിക്കുമെന്നത് കർഷകസമരം ഒത്തുതീർക്കുമ്പോൾ കിസാൻ മോർച്ചയ്ക്കു കേന്ദ്രം നൽകിയ വാഗ്ദാനമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ബിൽ അവതരിപ്പിക്കണോ എന്നതിൽ വോട്ടിങ് വേണമെന്ന ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല.

ഊർജ മന്ത്രി ആർ.കെ.സിങ്ങിനെ ചെയർ ക്ഷണിച്ചപ്പോൾ തന്നെ ബില്ലിനെ എതിർക്കുന്ന പോസ്റ്ററുകളുമായി കേരള എംപിമാരടക്കം നടുത്തളത്തിലിറങ്ങി. ഫെഡറൽ സംവിധാനത്തിനെതിരാണ് ബില്ലെന്ന് ആർഎസ്പി അംഗം എൻ.കെ.പ്രേമചന്ദ്രൻ, കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി, മനീഷ് തിവാരി, സിപിഎമ്മിലെ എ.എം.ആരിഫ് തുടങ്ങിയവർ കുറ്റപ്പെടുത്തി. ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, തോമസ് ചാഴികാടൻ തുടങ്ങിയവരും അവതരണത്തെ എതിർത്തു നോട്ടിസ് നൽകിയിരുന്നു. അകാലിദൾ അംഗം ഹർസിമ്രത് കൗർ മന്ത്രിയുടെ സീറ്റിലെത്തി തർക്കിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെപൊതുപട്ടികയിലുള്ള വിഷയമാണ് ഊർജമെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരോപണങ്ങളിൽ കഴമ്പില്ലെന്നും എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇറങ്ങിപ്പോകും വഴി എ.എം.ആരിഫും ടി.എൻ.പ്രതാപനും സഭയുടെ അജൻഡ കടലാസുകൾ കീറിയെറിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here