ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. കൂടാതെ ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കൂടുതലും പഞ്ചാബിൽ നിന്നുള്ളവരാണ്. ഡൽഹിയുടെ കൂടുതൽ അതിർത്തി മേഖലകളിൽ പ്രതിഷേധമുയർത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് കേന്ദ്രസർക്കാരുമായി വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് കർഷകർ ആഹ്വാനം ചെയ്തിരിക്കുന്നത്.
നാലാം തവണയും കേന്ദ്രം കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെത്തുടർന്നാണ് ചർച്ചകൾ പരാജയപ്പെട്ടത്. കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.