ന്യൂഡല്‍ഹി: പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാമ്പത്തിക വിഷയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
2020 ലെ ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ദശകത്തില്‍ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ നാമെല്ലാവരും ശ്രമിക്കണമെന്നും ഒപ്പം ശക്തമായ അടിത്തറ സൃഷ്ടിക്കണമെന്നും ഈ സമ്മേളനം പ്രധാനമായും സാമ്പത്തിക വിഷയങ്ങളില്‍ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു.
ഇതുസംബന്ധിച്ച് പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും മികച്ച സംവാദങ്ങള്‍ നടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീശാക്തീകരണത്തിലും അടിച്ചമര്‍ത്തപ്പെട്ടവരിലുമാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഈ ദശകത്തിലും തങ്ങള്‍ അത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
കൂടാതെ ഇരുസഭകളിലും വിശാലവും ഗുണപരവുമായ ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നതെന്നും സാമ്പത്തിക കാര്യങ്ങളിലും നിലവിലെ ആഗോള സാമ്പത്തിക സ്ഥിതിയെ ഇന്ത്യക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.
എന്നാല്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയുടെ പേരില്‍ രാജ്യത്താകെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍, ജെഎന്‍യു-ജാമിയ അടക്കമുള്ള വിഷയങ്ങള്‍ എന്നിവയില്‍ നടപടിയെടുക്കാത്തതിനെ പ്രതിപക്ഷം ഉയര്‍ത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നും റിപ്പോര്‍ട്ട് ഉണ്ട്.