ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചു കൊന്നു.
കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബദ്ദാമിന്‍റെ ഭാര്യയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബന്ദിയാക്കിയ കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടി ക്രമങ്ങള്‍ക്കിടയില്‍ അക്രമിയെ പോലീസ് വടിവെച്ചുകൊന്നിരുന്നു.
അതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടികളെ ബന്ദിയാക്കിയ സംഭവത്തില്‍ സുഭാഷിന്‍റെ ഭാര്യയ്ക്ക് പങ്കുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാരുടെ വാദം.
കൊലക്കേസ് പ്രതിയായ സുഭാഷ് ജാമ്യത്തില്‍ പുറത്തെത്തിയതായിരുന്നു. മകളുടെ പിറന്നാള്‍ ആഘോഷത്തിനെന്ന പേരിലാണ് ഇയാള്‍ കുട്ടികളെ വിളിച്ചുവരുത്തിയത് കുട്ടികള്‍ അകത്ത് എത്തിയതിനു പിന്നാലെ തോക്ക് ചൂണ്ടി ഇവരെ ബന്ദികളാക്കുകയായിരുന്നു.
കുട്ടികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരില്‍ ചിലര്‍ വാതിലില്‍ മുട്ടിയപ്പോളാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. കുട്ടികളെ തേടി എത്തുന്നവര്‍ക്കെതിരെ സുഭാഷ് വെടിവെക്കുകയും നാടന്‍ ബോംബ് എറിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ഒടുവില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ ഇയാളെ വധിച്ച് കുട്ടികളെ മോചിപ്പിക്കുകയായിരുന്നു..