വുഹാന്‍: കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. മുഖത്ത് മാസ്ക് ധരിച്ച നരച്ച തലമുടിക്കാരൻ ആളൊഴിഞ്ഞ നിരത്തില്‍ മരിച്ചുവീണു. കൈയിൽ ഒരു ക്യാരി ബാഗ് മുറുകെ പിടിച്ചിട്ടുണ്ട്. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഏറ്റവും ഒടുവിൽ പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.
കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല.
ചൈനയിൽ മാത്രം ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 213 പേരാണ്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂർവമായി കഴിഞ്ഞു.
ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയാറാകുന്നില്ലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ്യ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സർവ സാധാരണമായിരിക്കുകയാണ്. വുഹാനിലെ കാറ്റിന് പോലും ഇപ്പോൾ മരണത്തിന്റെ ഗന്ധമാണ്.