ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.
‘ജാമിയ ഷൂട്ടര്‍ക്ക് പണം നല്‍കിയത് ആര്…?’ ബജറ്റ് സമ്മേളനത്തിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോ൦ഗ് മാര്‍ച്ചിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.
രാജ്ഘട്ടിലേക്കുള്ള ലോ൦ഗ് മാര്‍ച്ച് സര്‍വകലാശാല കവാടം പിന്നിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. അക്രമി 17 വയസുകാരനാണെന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചത്.
അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയില്‍ പോയതെന്നും തോക്ക് നല്‍കിയത് സുഹൃത്താണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നാണ് ഡല്‍ഹി പോലീസ് അറിയിക്കുന്നത്. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഈ കൗമാരക്കാരന്‍റെ പേരില്‍ ചുമത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, പിടിയിലായ പ്രതിക്ക് പ്രായപൂര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ഇയാളുടെ പ്രായപരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം, ജാമിയ വിദ്യാര്‍ത്ഥികളുടെ ലോ൦ഗ് മാര്‍ച്ചിന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
സ്‌പെഷല്‍ പോലീസ് കമ്മീഷണര്‍ പര്‍വേശ് രഞ്ജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
പ്രതിഷേധിക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന്‍ സ്കൂളില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ജേവര്‍ സ്വദേശിയായ ഇയാളുടെ പിതാവ് പുകയിലക്കട നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി ഇയാള്‍ പരസ്പര ബന്ധമില്ലാതെ സംസാരിക്കാറുണ്ടായിരുന്നെന്ന് പ്രതിയുടെ അമ്മാവന്‍ പറഞ്ഞു.
ഒരു പ്രശ്നവുമുണ്ടാക്കാത്ത ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നു ഇയാളെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.
അതേസമയം, ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വെളിവാക്കുന്നത് മറ്റൊന്നാണ്. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാളുടെ ഫേസ്ബുക്ക് ടൈംലൈനിലുണ്ടായിരുന്നത്. തുടര്‍ന്ന്‍ ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു.