gnn24x7

ഹത്രാസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍

0
173
gnn24x7

ലഖ്‌നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി പോലീസ് പറഞ്ഞു.

ഹത്രാസിലേയ്ക്കുള്ള  യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും പോലീസ്  (UP Police) തടഞ്ഞിരുന്നു. ഹത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും പോലീസ് തടഞ്ഞത്.  തുടര്‍ന്ന് ഹത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്.  

യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പോലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുല്‍.  നൂറ് കിലോമീറ്റര്‍ ദൂരം നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

രാജ്യത്തെ ഓരോ സ്ത്രീകളും യു.പിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അസ്വസ്ഥരാണെന്നും പ്രിയങ്ക പറഞ്ഞു. എനിക്കും 18 വയസായ ഒരു മകളുണ്ട്. യു.പി സര്‍ക്കാര്‍ ഹത്രാസിലെ പെണ്‍കുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ല. ഞാന്‍ ഏറെ അസ്വസ്ഥയാണ്. എന്നെപ്പോലെ തന്നെ ഈ രാജ്യത്തെ ഓരോ സ്ത്രീകളും അസ്വസ്ഥരാണ്, പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉന്നാവ്​ ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴും ഉത്തര്‍ പ്രദേശ്‌ പോലീസില്‍ നിന്ന്​ ഇതേ പെരുമാറ്റമാണ്​ അനുഭവിച്ചതെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു. യു.പിയിലെ സ്ഥിതിയില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. ഇവിടെ കാട്ടുനീതി തുടരുകയാണെന്നും പ്രിയങ്ക മാധ്യമങ്ങളോട്​ പറഞ്ഞു.

അതേസമയം, ഇന്ന്​ രാവിലെ മുതല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പോലീസ് വഴിതടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്​. കിലോമീറ്ററുകള്‍ അകലെ നിന്നു തന്നെ മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലീസ് തടയുന്ന അവസ്ഥയാണ്​.  കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ വഴി തടയല്‍ നടപടി.

അതേസമയം, രാഹുലിന്‍റെയും പ്രിയങ്കയുടേയും സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു.   
അഞ്ചില്‍ കൂടുതല്‍ പേരെ ഹത്രാസില്‍ ഒത്തുകൂടാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

എന്നാല്‍, രാഹുലും പ്രിയങ്കയും വരുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കോവിഡ്‌  വ്യാപനം മൂലം അതിര്‍ത്തി സീല്‍ ചെയ്തിരിക്കുക യാണ് എന്നുമാണ്  ഡി.എം പ്രവീണ്‍ കുമാര്‍ ലക്‌സാര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്​റ്റംബര്‍ 14നാണ്​ ദളിത്‌  (Dalit) പെണ്‍കുട്ടി അതി​ക്രൂരമായി ബലാത്സംഗത്തിനിരയായത്​​. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം  അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ്​ മുറിച്ച്‌​ മാറ്റി, നട്ടെല്ല് തകര്‍ക്കുക തുടങ്ങി  അതിക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്. അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്​ചയായി  അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്​ദര്‍ജ൦ഗ്  ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്​ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. 
ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്.സെപ്​റ്റംബര്‍ 14ന്​ വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം​ പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ  നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി വലിച്ചിഴച്ച്‌​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ വയലിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here