തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യിൽ നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷന് (CVC) പരാതി ലഭിച്ചു. ഇതേതുടർന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാനും സെക്രട്ടറിയുമായ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ ഡോ. കെ ശിവൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു.
ഡോ. ശിവന്റെ മകൻ എസ്.സിദ്ധാർത്ഥിനെ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ (LPSC) എഞ്ചിനിയർ സയന്റിസ്റ് എന്ന തസ്തികയിലേക്ക് ഈ തസ്തികയ്ക്ക് വേണ്ട പ്രവൃത്തിപരിചയവും ഇല്ലായിരുന്നിട്ടും നിയമിതനാക്കി എന്നാണ് പരാതി. 1.77ലക്ഷം രൂപ ശമ്പളത്തിലാണ് എൽ പി എസ് സി ഡയറക്ടർ ഡോ.നാരായണൻ മുൻകൈയെടുത്ത് നിയമനം നടത്തിയത്.
സ്‌ക്രീനിംഗ്, എഴുത്തു പരീക്ഷ , അഭിമുഖം എന്നിവ നടത്തുന്ന ഇസ്‌റോയുടെ സെൻട്രൽ റിക്രൂട്ട്‌മെന്റ് ബോർഡ് മുഖേനയുള്ള ജനറൽ റിക്രൂട്ട്‌മെന്റിൽ സിദ്ധാർത്ഥിന്റെ നിയമനം ഏറ്റെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. പകരം സിദ്ധാർത്ഥിന്റെ കാര്യത്തിൽ ഒരു അഭിമുഖം മാത്രമാണ് നടന്നത്.
അതേസമയം ഡോ. കെ ശിവന്റെ മകനെ എൽ പി എസ് സിയിൽ നിയമിച്ചതിൽ ഒരു ക്രമക്കേടുമില്ലെന്നാണ് ഐ എസ് ആർ ഒ അധികൃതർ പറയുന്നത്.








































