ന്യൂഡല്‍ഹി: ജെ.എന്‍.യു വില്‍ ഞായറാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ ഡല്‍ഹി പോലീസില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണറുമായി അമിത് ഷാ സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അതേസമയം, സംഘര്‍ഷത്തെക്കുറിച്ച് അനേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാകും സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ജോയിന്റ് കമ്മീഷണർ ഓഫ് വെസ്റ്റേൺ റേഞ്ച്, ഡല്‍ഹി പോലീസ്, ശാലിനി സിംഗ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. JNU വില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ മുഖംമൂടി ധരിച്ച 50 ഓളം അക്രമികളാണ് ആക്രമണം അഴിച്ചുവിട്ടത്.
സംഭവത്തില്‍ JNU രജിസ്ട്രാര്‍ പ്രമോദ് കുമാറില്‍ നിന്ന് മാനവവിഭവശേഷി മന്ത്രാലയവും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വൈസ് ന്സലറോടും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചതായും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.