gnn24x7

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍

0
220
gnn24x7

ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷധത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്.

ഡിസംബര്‍ 20ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരെയാണ് പൊലീസ് ഉപദ്രവിക്കുകയും തീവ്രവാദികളെന്നു വിളിക്കുകയും ചെയ്തത്. മദ്രസ നടത്തുന്ന 68കാരനായ മൗലാന അസാദ് റസ ഹുസൈനിയേയും പൊലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

‘പൊലീസ് കയറിവന്ന് ഒന്നും ചോദിക്കുക പോലും ചെയ്യാതെ അടിക്കുകയായിരുന്നു. അവശനായി നിലത്തു വീണ എന്റെ ദേഹത്തേക്ക് പൊലീസ് മര്‍ദ്ദനമേറ്റ മറ്റേതോ ഒരു വിദ്യാര്‍ത്ഥിയും വീണിരുന്നു. 2013ലെ കലാപ കാലത്തു പോലും ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. ഇനി ജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചതല്ല’ എന്ന് മൗലാന പറഞ്ഞു.

മൗലാനയുടെ രണ്ട് കാലിലും ഇപ്പോള്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. ഇടതു കൈയ്ക്കും പൊലീസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മദ്രസ വിദ്യാര്‍ത്ഥിയായ ഇര്‍ഫാന്‍ ഹയ്ദര്‍ പൊലീസ് ഡിസംബര്‍ 20ന്് വൈകുന്നേരം 3.45 ഓട് കൂടി മദ്രസ കോംപ്ലക്സിലെത്തി അക്രമം അഴിച്ചുവിട്ടുവെന്ന് പരാതിപ്പെട്ടു. കോംപ്ലക്സിനകത്ത് സൂക്ഷിച്ചിരുന്ന സിസിടിവി അടിച്ചു തകര്‍ത്തതിനു ശേഷമായിരുന്നു പൊലീസ് അക്രമമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവ് ആരോപണങ്ങള്‍ തള്ളികളഞ്ഞു. ‘ജയ് ശ്രീറാം’ വിളിക്കാന്‍ പൊലീസ് പ്രേരിപ്പിച്ചു എന്നത് തെറ്റായ ആരോപണമാണ്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പൊലീസിന് ലാത്തിചാര്‍ജ് ചെയ്യേണ്ടി വന്നിട്ടുണ്ട്’ എന്ന് യാദവ് പ്രതികരിച്ചു.

ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് മദ്രസ കോംപ്ലക്സില്‍ എത്തിയ 75 പേരെ തടഞ്ഞുവെച്ചിരുന്നു. ഇതില്‍ 28 പേരെ അന്ന് തന്നെ വിട്ടയച്ചിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here