മുംബൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ കാമ്പസില്‍ നടന്ന ആക്രമണത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ഇന്ത്യാഗേറ്റിന് മുന്നില്‍ ഇന്നലെ രാത്രി ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര ഒഹാദ്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനാണ് താന്‍ സമരത്തിനിറങ്ങിയതെന്നും വിദ്യാര്‍ത്ഥികള്‍ ഒരു പ്രശ്‌നത്തില്‍ തെരുവിലിറങ്ങുമ്പോള്‍ അതിന്റെ ഗൗരവം മനസിലാക്കണമെന്നും മന്ത്രി പ്രതികരിച്ചു.
ഞായറാഴ്ച്ച രാത്രി പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യപ്പെട്ടുകൊണ്ട് ഇവര്‍ മെഴുകുതിരി കത്തിച്ചിരുന്നു. മുംബൈയിലെ വിവിധ കോളെജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ ഗേറ്റിനടുത്തുള്ള താജ്മഹല്‍ പാലസ് ഹോട്ടലിന് എതിര്‍വശത്തുള്ള നടപ്പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഇന്നലെയായിരുന്നു ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി. ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.