ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അക്രമി സംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വിക്രം ജോഷിയാണ് മരിച്ചത്.
തലയില്‍ വെടിയുണ്ടയേറ്റ ഭാഗത്തെ ഞരമ്പുകള്‍ക്ക് സാരമായ ക്ഷതമേറ്റിരുന്നതായി വിക്രം ജോഷിയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകന് നേരെ അക്രമമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കേസില്‍ ഒന്‍പതു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഒരാളെ പിടികൂടാനുള്ള ശ്രമത്തിലാണ്.
തിങ്കളാഴ്ച രാത്രിയാണ് മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. മകളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
മാധ്യമപ്രവര്‍ത്തകന്റെ അനന്തരവളെ ഒരു സംഘം ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കി അടുത്ത ദിവസമാണ് മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചത്. വിക്രം ജോഷിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
തന്റെ അനന്തരവളെ ചിലര്‍ ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ വിജയനഗര്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിരുന്നതായി സഹോദരന്‍ അനികേത് ജോഷി വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ആളുകള്‍ തന്നയാണ് മാധ്യമപ്രവര്‍ത്തകനെ ഉപദ്രവിച്ചതെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു.
തന്റെ അനന്തരവളെ ശല്യം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കിയതിനാണ് ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. ഈ ജംഗിള്‍ രാജില്‍ സാധാരണക്കാരന്‍ എങ്ങനെ സുരക്ഷിതനാകും എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.









































