gnn24x7

തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; രോഗം പകര്‍ന്നത് 385 പേര്‍ക്ക്

0
180
gnn24x7

ചൈന്നൈ: തമിഴ്‌നാട്ടിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 385 പേര്‍ക്കാണ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം പകര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചെന്നൈ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ കോയമ്പേട് ഹോട്ട്‌സ്‌പോട്ടായതോടെ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ പുതുതായി സ്ഥിരീകരിക്കുന്ന കേസുകളിലധികവും കോയമ്പേടു മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്കാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ചെന്നൈയിലെ 12ഓളം ജില്ലകളില്‍ കൊവിഡ് വ്യാപിക്കുന്നതിന് കോയമ്പേടു മാര്‍ക്കറ്റ് കാരണമായിട്ടുണ്ട്.

മാര്‍ക്കറ്റിലെ ശുചീകരണ തൊഴിലാളികള്‍, അഗ്നിശമന സേനാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോയമ്പേടു മാര്‍ക്കറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോയമ്പേടു മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങി തമിഴ്‌നാട്ടിലെ അമ്പത്തൂരില്‍ വില്‍പന നടത്തിയ കച്ചവടക്കാരനില്‍ നിന്നും പ്രദേശത്തെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. മാര്‍ക്കറ്റ് അടച്ചതിന്റെ ഫലമായി നാട്ടിലേക്ക് പോയ 7,000ത്തിലധികം വരുന്ന കച്ചവടക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

ചെന്നൈയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പഴങ്ങളും പച്ചക്കറികളും പൂക്കളും എത്തുന്നത് കോയമ്പേടു മാര്‍ക്കറ്റില്‍ നിന്നാണ്. ഏകദേശം 10,000ത്തോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തു വരുന്നു.

താത്കാലികമായി അടച്ച മാര്‍ക്കറ്റിലെ പച്ചക്കറികളുടെ വില്‍പന തിരുവള്ളൂര്‍ ജില്ലയിലെ തിരുമലിസൈ എന്ന സ്ഥലത്തേക്ക് മാറ്റി. പഴങ്ങളുടെയും പച്ചക്കറികളുടെയും വില്‍പന, മാധവപുരം ബസ് ടെര്‍മിനലിലേക്കും മാറ്റി.

ഏപ്രില്‍ 27നാണ് മാര്‍ക്കറ്റില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ടു പച്ചക്കറി തൊഴിലാളികള്‍ക്കാണ് കൊവിഡ് പൊസിറ്റീവ് ആയത്.

ഇതിനെതുടര്‍ന്നാണ് കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ കച്ചവടം മാറ്റാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നില്ല. കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മാര്‍ക്കറ്റ് അടച്ചിടാനും കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാനും വില്‍പനക്കാര്‍ തയ്യാറായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here