ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. റെക്കോർട് കോവിഡ് കേസുകൾ ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടി.
എല്ലാ സ്വകാര്യ ഓഫീസുകളും വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ തുറക്കുകയുള്ളൂവെന്നും ഡൽഹി സര്‍ക്കാർ വ്യക്തമാക്കി. അവശ്യ സർവീസുകൾ, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താത്കാലിക ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും കെജ്‌രിവാൾ അറിയിച്ചു.
അതേസമയം രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.






































